സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: ജയസൂര്യ ഒരുകോടി കൈപ്പറ്റി, നടന്‍റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് പണമെത്തി
കൊച്ചി: ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസിൽ നടൻ ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തൽ. കേസിലെ മുഖ്യപ്രതി സാദിഖ് റഹീമിന്‍റെ അക്കൗണ്ടിൽനിന്ന് നടന്‍റെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായാണ് കണ്ടെത്തൽ.
കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചതിന്‍റെ പ്രതിഫലമാണിതെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. എന്നാൽ, നടന്‍റെ ബാങ്ക് അക്കൗണ്ട്, കരാർ എന്നിവയിൽ ഇ.ഡി വീണ്ടും പരിശോധന നടത്തും. ജനുവരി ഏഴിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്. സാദിഖിന് സിനിമ മേഖലയിലുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നതിനാൽ കൂടുതൽ സിനിമ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.
ഡിസംബർ 29നാണ് നടനെയും ഭാര്യയെയും ഇ.ഡി അവസാനമായി ചോദ്യംചെയ്തത്. ആപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ കരാർ ഒപ്പുവെച്ചിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് ചോദ്യംചെയ്തത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഭാര്യയുടെ മൊഴിയും എടുത്തിരുന്നു. ഇടപാടുകളിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് ജയസൂര്യയെ വീണ്ടും ചോദ്യംചെയ്യുന്നതെന്നാണ് വിവരം.
സേവ് ബോക്സ് എന്ന സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ 2023ൽ സ്ഥാപന ഉടമയും തൃശൂർ സ്വദേശിയുമായ സാദിഖിനെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻതോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നെന്ന സംശയങ്ങൾ ഉയർന്നത്. പിന്നീടാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്. കുറഞ്ഞ വിലയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ ഉൽപന്നങ്ങൾ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ആപ്പ് ജനങ്ങൾക്ക് മുന്നിലെത്തിയത്. ലേലത്തിൽ പങ്കെടുക്കാൻ സേവ് ബോക്സ് നൽകുന്ന വെർച്വൽ കോയിനുകൾ പണംകൊടുത്ത് വാങ്ങണം. ഈ കോയിനുകൾ ഉപയോഗിച്ചാണ് ലേലം. ഇന്ത്യയിലെ ആദ്യ ബെറ്റിങ് ആപ്പ് എന്ന് പ്രചരിപ്പിച്ചിരുന്ന ആപ്പ് ഉദ്ഘാടനം ചെയ്തതും ജയസൂര്യയായിരുന്നു.
