തോട്ടിപ്പണി ഉന്മൂലനം ചെയ്യണം; കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രിംകോടതി
തോട്ടിപ്പണി രാജ്യത്ത് നിന്ന് പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന് സുപ്രിംകോടതി. തോട്ടിപ്പണി ചെയ്യിക്കുന്നത് നിരോധിക്കണമെന്നും അഴുക്കുചാലുകള്‍ വൃത്തിയാക്കുമ്പോഴുണ്ടാകുന്ന മരണങ്ങളില്‍ നഷ്ടപരിഹാരം 30 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
മനുഷ്യര്‍ തന്നെ ഇപ്പോഴും തോട്ടിപ്പണി ചെയ്യുന്നത് നിരോധിക്കാനും 2013ലെ പുനരധിവാസ നിയമം നടപ്പിലാക്കാനും സര്‍ക്കാരുകള്‍ ശ്രദ്ധ ചെലുത്താനും സുപ്രിംകോടതി ഉത്തരവിട്ടു. എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളെന്ന ഭരണഘടനാ വാഗ്ദാനം നിറവേറ്റപ്പെടേണ്ടതിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാട്ടി. ‘നമ്മുടേത് സമ്പത്തിനും അധികാരത്തിനും വേണ്ടിയല്ല, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്, വ്യക്തിത്വത്തിന്റെ വീണ്ടെടുപ്പിനായുള്ള പോരാട്ടമാണ്’ എന്ന അംബേദ്കറുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.
മലിനജലത്തില്‍ ഇറങ്ങിനിന്ന് ജോലി ചെയ്യേണ്ടിവരുമ്പോഴുണ്ടാകുന്ന സ്ഥിരമായ വൈകല്യങ്ങള്‍ക്ക് നഷ്ടപരിഹാരം 20 ലക്ഷമാക്കി ഉയര്‍ത്തണം. മറ്റ് തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടായാല്‍ 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കണം. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.