മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി: മറ നീക്കുന്നത് കപട ഫാഷിസ്റ്റ് വിരുദ്ധത –വിസ്ഡം യൂത്ത്
കോഴിക്കോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തുന്നതോടെ മറ നീക്കപ്പെടുന്നത് എസ്.ഡി.പി.ഐയുടെ കപട ഫാഷിസ്റ്റ് വിരുദ്ധതയാണെന്നും, സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണെന്നും വിസ്ഡം യൂത്ത് വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം നിലപാടുകൾ രാഷ്ട്രീയ അവിവേകമാണെന്നും ഫാഷിസ്റ്റ് ശക്തികളുടെ ആഗ്രഹ സഫലീകരണം നടത്തുന്ന എസ്.ഡി.പി.ഐയുടെ നീക്കം ആത്മഹത്യാപരമാണെന്നും വിസ്ഡം യൂത്ത് അഭിപ്രായപ്പെട്ടു. രാജ്യത്ത് വളർന്നു വരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെയും അധിനിവേശ പ്രവണതകളെയും ചെറുക്കുന്നതിനായി ജനാധിപത്യ മതേതര ചേരികളെ ശക്തിപ്പെടുത്താൻ കേരളത്തിലെ മതനിരപേക്ഷ ജനത ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിത്. ഈ സാഹചര്യത്തിൽ വോട്ടു വിഭജനത്തിന് വഴിയൊരുക്കുന്ന നീക്കങ്ങൾ സാമൂഹ്യ ഉത്തരവാദിത്തത്തോട് പൊരുത്തപ്പെടുന്നതല്ല.
സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനം എസ്.ഡി.പി.ഐ നേതൃത്വം പുനഃപരിശോധിക്കണമെന്നും ജനാധിപത്യവിരുദ്ധ ഫാഷിസ്റ്റ് ശക്തികളെ പരോക്ഷമായി സഹായിക്കുന്ന നിലപാടുകളിൽ നിന്ന് പിന്മാറണമെന്നും വിസ്ഡം യൂത്ത് ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്തെ പ്രബുദ്ധരായ മതേതര വോട്ടർമാർ സൂക്ഷ്മതയോടെയും ഉത്തരവാദിത്തത്തോടെയും പ്രതികരിക്കണമെന്നും വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ടി. കെ നിഷാദ് സലഫിയും ജനറൽ സെക്രട്ടറി ഡോ. വി. പി ബഷീറും സംയുക്ത പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.
