വാഹനം പൊലീസ് പിടിച്ചാൽ ഇനി പിഴയടച്ച് ഇറക്കാം; പിഴത്തുക 1000 മുതൽ 3000 രൂപ വരെ, പാർക്കിങ് ഫീസും നൽകണം

തിരുവനന്തപുരം: പൊലീസും മോട്ടോർ വാഹന വകുപ്പും പിടിച്ചെടുക്കുന്ന വാഹനങ്ങൾ അനന്തമായി കൂട്ടിയിടുന്ന പ്രവണതക്ക് അറുതിവരുത്താൻ നിയമഭേദഗതി വരുന്നു. ഇത്തരം വാഹനങ്ങൾ ആറുമാസത്തിനകം പിഴയടച്ച് മോചിപ്പിക്കാനാകുംവിധം മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ഭേദഗതി ബിൽ ഈ നിയമസഭ സമ്മേളനത്തിലുണ്ടാകും. 1000 രൂപ മുതൽ 3000 രൂപ വരെ പിഴയടച്ച് വാഹനം മോചിപ്പിക്കാമെന്നതാണ് പുതിയ സൗകര്യം.

ആറു മാസത്തിനുള്ളിൽ വാഹനം ഇറക്കണമെന്നതാണ് മറ്റൊരു നിബന്ധന. ആറുമാസത്തിനകം വാഹനം ഇറക്കാതിരിക്കുകയോ കേസ് കൊടുക്കാതിരിക്കുകയോ ചെയ്താൽ വാഹനം സ്ക്രാപ്പിന് കൊടുക്കുകയോ ലേലം ചെയ്യുകയോ ചെയ്യും. ഇതിനുള്ള നിയമപരമായ അധികാരം മോട്ടോർ വാഹന വകുപ്പിനാണ്.

നിലവിലെ നിയമത്തിൽ വാഹനം പിടിച്ചെടുത്താൽ ‘സൂക്ഷിക്കണം’ എന്ന് മാത്രമേ പറയുന്നുള്ളൂ. എപ്പോഴെങ്കിലും ജാമ്യത്തിലിറക്കാം. എന്നാൽ, ഇത്രയും കാലം ഇവ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലോ പൊതുസ്ഥലങ്ങളിലോ കൂട്ടിയിടുകയാണ്. നിയമഭേദഗതിക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി.

പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനി സ്റ്റേഷൻ വളപ്പിലോ റോഡ് വക്കിലോ തള്ളില്ല. നിർത്തിയിടാൻ പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പാർക്കിങ് യാർഡുകൾ സ്ഥാപിക്കും. എത്ര കാലമാണോ വാഹനം ഇവിടെ കിടക്കേണ്ടിവരുന്നത് അത്രയും കാലത്തേക്ക് (പരമാവധി ആറുമാസം) ദിവസാടിസ്ഥാനത്തിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തും. വാഹനം തിരിച്ചെടുക്കുമ്പോൾ ഉടമ ഈ തുക യാർഡിന് നൽകണം. തുകയുടെ പകുതി സർക്കാറിന് ലഭിക്കും.