ഐ.സി.സിക്ക് മുന്നിൽ ഒറ്റപ്പെട്ട് പാകിസ്താൻ: പിന്തുണക്കാതെ മറ്റു ബോർഡുകൾ; പി.സി.ബി ഉപരോധ ഭീഷണിയിൽ

കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും (ഐ.സി.സി) മറ്റ് ക്രിക്കറ്റ് ബോർഡുകൾക്കും മുന്നിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തീർത്തും ഒറ്റപ്പെട്ടതായി റിപ്പോർട്ട്. ഈ മാസം 15ന് നടക്കേണ്ട ഇന്ത്യ-പാകിസ്താൻ ഹൈ-പ്രൊഫൈൽ മത്സരം ബഹിഷ്കരിക്കാൻ പാകിസ്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്തുണ തേടി വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളെ പാകിസ്താൻ സമീപിച്ചെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചില്ലെന്ന് എൻ.ഡി.ടി.വി റിപ്പോർട്ടിൽ പറയുന്നു.

മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്താന്റെ നിലപാടിന് നിയമപരമായ നിലനിൽപ്പില്ലെന്നാണ് മറ്റ് ബോർഡുകളുടെ പക്ഷം. പാകിസ്താൻ സർക്കാർ സമൂഹമാധ്യമത്തിലൂടെ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, ഇക്കാര്യം ഐ.സി.സിയെ ഇതുവരെ ഔദ്യോഗികമായി അറിയിക്കാൻ പി.സി.ബിക്ക് സാധിച്ചിട്ടില്ല. ഈ ആശയവിനിമയമില്ലായ്മ അവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഔദ്യോഗിക അറിയിപ്പില്ലാതെ ഐ.സി.സിക്ക് വിഷയത്തിൽ ഇടപെടാനാകില്ല. ബംഗ്ലാദേശിനെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം എന്നാണ് പാകിസ്താൻ പറയുന്നത്.

എന്നാൽ പാകിസ്താന്റെ ഈ വാദത്തിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് മറ്റ് ബോർഡുകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ നടക്കാനിരുന്ന ടൂർണമെന്റ് ബംഗ്ലാദേശ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഒഴിവാക്കിയിരുന്നു. എന്നാൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുന്നത് നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലെ കൊളംബോയിലാണ്. അതിനാൽ സുരക്ഷാ കാരണങ്ങൾ ഇവിടെ പ്രസക്തമല്ല. പാകിസ്താന്റെ അണ്ടർ-19 ടീം അടുത്തിടെ ഇന്ത്യയുമായി കളിച്ചിരുന്നു. പാകിസ്താൻ വനിതാ ടീം ബാങ്കോക്കിൽ ഇന്ത്യയുമായി കളിക്കാൻ ഒരുങ്ങുകയാണ്. ഒരിടത്ത് ഇന്ത്യയുമായി കളിക്കുകയും ലോകകപ്പിൽ മാത്രം ബഹിഷ്കരണം പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് വിമർശനമുണ്ട്.

ബഹിഷ്കരണവുമായി മുന്നോട്ട് പോയാൽ ഐ.സി.സിയിൽനിന്ന് കടുത്ത ശിക്ഷാനടപടികൾ പാകിസ്താൻ നേരിടേണ്ടി വരും. 38 മില്യൺ ഡോളറിലധികം (ഏകദേശം 300 കോടിയിലധികം രൂപ) പിഴ ഒടുക്കേണ്ടി വരും. കൂടാതെ ലോകകപ്പിലെ പോയിന്റുകൾ നഷ്ടമാകാനും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സസ്പെൻഷൻ ലഭിക്കാനും സാധ്യതയുണ്ട്. രാഷ്ട്രീയ കാരണങ്ങളാൽ ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കാനുള്ള പാകിസ്താന്റെ നീക്കം അവരെ വലിയ സാമ്പത്തിക തകർച്ചയിലേക്കും അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടലിലേക്കുമാണ് നയിക്കുന്നത്. നിലപാട് തിരുത്താൻ ഇനിയും സമയമുണ്ടെങ്കിലും പാകിസ്താൻ നിലവിൽ വലിയ പ്രതിസന്ധിയിലാണ്.