മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പരാതിയുമായി ഏഴ് വിദ്യാർഥികൾ



പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതൽ പരാതികൾ. ഏഴ് വിദ്യാർഥികൾകൂടി അധ്യാപകനെതിരെ മൊഴി നൽകി. സംഭവത്തിൽ അധ്യാപകനെതിരെ കൂടുതൽ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു.

മൊഴികളിൽ അഞ്ച് കുട്ടികളുടേത് ഗുരുതര മൊഴികളായതിനാൽ പൊലീസിന് കൈമാറിയെന്നും കൂടുതൽ വിദ്യാർത്ഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സി.ഡബ്ല്യു.സി ചെയർമാൻ എം. സേതുമാധവൻ പ്രതികരിച്ചു. സ്കൂളിലെ കൂടുതൽ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് കസ്റ്റഡിയി​ലെടുത്ത കല്ലേപ്പുള്ളി സ്‌കൂളിലെ സംസ്‌കൃത അധ്യാപകന്‍റെ ഫോണിൽ അശ്ലീലദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടേതടക്കം നഗ്നദൃശ്യങ്ങളും ഇതിൽ ഉണ്ട്. ഇയാളെ വിദ്യാഭ്യാസ വകുപ്പ്‌ സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കലോത്സവത്തിൽ വിജയിച്ചതിന് സമ്മാനം നൽകാമെന്ന് പ്രലോഭിപ്പിച്ച് നവംബർ 29-നാണ് വിദ്യാർത്ഥിയെ അധ്യാപകൻ തന്റെ വാടക വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഡിസംബർ 18ന് തന്നെ സംഭവം സ്‌കൂൾ അധികൃതർ അറിഞ്ഞിട്ടും ജനുവരി 3ന് മാത്രമാണ് പരാതി നൽകിയത്. സംഭവം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂൾ മാനേജർക്കെതിരെയും കർശന നടപടിക്ക് ശുപാർശയുണ്ട്. മാനേജരെ അയോഗ്യനാക്കണമെന്ന് എ.ഇ.ഒ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു. കൂടാതെ, പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കും വകുപ്പുതല നോട്ടീസ് നൽകിയിട്ടുണ്ട്.