വിറപ്പിച്ച് മൊറോക്കോ; സമനില പൊരുതിനേടി അർജൻറീന
പാരിസ്: ഒളിമ്പിക്സ് ഫുട്ബോളിലെ ആവേശപ്പോരിൽ മൊറോക്കോക്കെതിരെ സമനില പിടിച്ചെടുത്ത് അർജൻറീന. രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം ഉജ്ജ്വലമായി പൊരുതിക്കയറിയ അർജൻറീന കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മെദിനയിലൂടെ സമനില പിടിക്കുകയായിരുന്നു.സൂഫിയാനെ റഹിമിയുടെ ഇരട്ടഗോളുകളിൽ മുന്നിലെത്തിയ മൊറോക്കോക്കെതിരെ ഉണർന്നെണീറ്റ അർജൻറീന നിരന്തരം ആക്രമണം തൊടുത്തുവെങ്കിലും അവസാന നിമിഷമാണ് കാത്തിരുന്ന ഗോൾ വീണത്.Argentina
ഹാവിയർ മഷറാനോയുടെ ശിഷണത്തിലെത്തിയ അർജൻറീന സംഘത്തിൽ ജൂലിയൻ അൽവാരസ്, നികൊളാസ് ഒട്ടമെൻഡി തുടങ്ങിയ പ്രധാന താരങ്ങളും മൊറോക്കൻ സംഘത്തിൽ അഷ്റഫ് ഹക്കിമി, ഗോൾകീപ്പർ മുനിർ മുഹമ്മദി അടക്കമുള്ള താരങ്ങളുമുണ്ടായിരുന്നു. ആദ്യ പകുതി അവസാനിരിക്കെ സുന്ദരമായ മുന്നേറ്റത്തിനൊടുവിലായിരുന്നു മൊറോക്കോയുടെ ആദ്യഗോൾ. അകോമാച്ച് നൽകിയ ബാക്ക് ഹീൽ പാസിൽ എൽ കനൗസ് നൽകിയ ക്രോസ് റഹീമി വലയിലേക്ക് തൊടുക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് ഏതാനും മിനുറ്റുകൾക്ക് ശേഷം പെനൽറ്റിയിലൂടെയായിരുന്നു രണ്ടാംഗോൾ.
ഗോൾ വീണതോടെ അർജൻറീന ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയെങ്കിലും മൊറോക്കൻ പ്രതിരോധക്കോട്ടയിലും ഗോൾകീപ്പറിലും മുന്നേറ്റങ്ങൾ തട്ടിത്തെറിച്ചു. 67ാം മിനുറ്റിൽ സിമിയോണിയിലൂടെ അർജൻറീന ഒരു ഗോൾ മടക്കി. ഇതോടെ മൊറോക്കോ പ്രതിരോധത്തിലൂന്നിയത് അർജൻറീന നന്നായി മുതലെടുത്തു. ഇഞ്ച്വറി ടൈം 15 മിനുറ്റോളം നീണ്ടത് അർജൻറീനക്ക് തുണയായി. ഒടുവിൽ അന്തിമ വിസിലൂതാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു അർജൻറീനയുടെ സമനില ഗോൾ. രണ്ടുതവണ ബാറിൽ തട്ടിയെത്തിയ പന്ത് മൊറോക്കോയുടെ ഹൃദയം തകർത്ത് മെദിന വലയിലേക്ക് തൊടുക്കുകയായിരുന്നു. ശനിയാഴ്ച ഇറാഖിനെതിരെയാണ് അർജൻറീനയുടെ അടുത്ത മത്സരം.