റിപ്പബ്ലിക് ദിന പരേഡിൽ അതിഥിയായി ഷാമിലും സംഘവും

എടപ്പാൾ: സ്കൂൾ, സംസ്ഥാന, ദേശീയ തലങ്ങളിൽ സ്റ്റുഡന്റ് ഇന്നവേഷൻ രംഗത്ത് കൈവരിച്ച മികച്ച നേട്ടങ്ങളിലൂടെ എടപ്പാൾ പൂക്കരത്തറ സ്വദേശി കെ.എ. ഷാമിൽ നാടിന്റെ അഭിമാനമായി.
പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിയായ ഷാമിൽ സഹപാഠികളായ നാമിർ നിഷാദ്, മുഹമ്മദ് ഷെസാൻ, മെന്റർ സുകൈന അബൂബക്കർ എന്നിവരോടൊപ്പം റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ നിതി ആയോഗിന് കീഴിലുള്ള അടൽ ഇന്നവേഷൻ മിഷന്റെ അതിഥികളായി തെരഞ്ഞെടുക്കപ്പെട്ടു. പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ യുവ ഗവേഷക സംഘത്തിലെ അംഗമാണ് ഷാമിൽ.
സംഘം 2026 ജനുവരി 24 മുതൽ 26 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിലും കർത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡിലും കേരളത്തെ പ്രതിനിധീകരിക്കും. സംസ്ഥാന ഡിജിറ്റൽ ഫെസ്റ്റിൽ സ്റ്റുഡന്റ്സ് ടെക് എക്സ്പോയിൽ ഷാമിൽ, നാമിർ, ഷെസാൻ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ദേശീയ തലത്തിൽ നടന്ന സ്കൂൾ യൂത്ത് ഐഡിയത്തോണിൽ മികച്ച 500 യുവ ഇന്നവേറ്റർമാരുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. പൂക്കരത്തറ സ്വദേശി കുമ്പത്തു വളപ്പിൽ അബ്ദുൽ ഗഫൂറിന്റെയും ഹുസ്നയുടെയും മകനാണ് ഷാമിൽ.
