‘പൊലീസുകാരിയെ ചവിട്ടിതാഴെയിട്ടു’; മകനെ കൊന്ന് സ്യൂട്ട്‌കേസിലാക്കിയ സുചന സേത്തിനെതിരെ വീണ്ടും കേസ്

killed

പനാജി: കഴിഞ്ഞ വർഷം ഗോവയിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബെംഗളൂരു ആസ്ഥാനമായുള്ള കൺസൾട്ടൻസിയുടെ സിഇഒ സുചന സേത്തിനെതിരെ വീണ്ടും കേസ്.ഗോവയിലെ സെൻട്രൽ ജയിലിലെ വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ചതിനാണ് സുചന സേത്തിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. killed

തിങ്കളാഴ്ച കോൾവാലെയിലെ സെൻട്രൽ ജയിലിലെ വനിതാ ബ്ലോക്ക് ഓഫീസിലാണ് പ്രതി കോൺസ്റ്റബിളിനെ ആക്രമിച്ചത്. ജയിലിലെ വിചാരണ തടവുകാരിയായ സുചന സ്ത്രീ തടവുകാരുടെ ബ്ലോക്കിൽ നിന്നും രജിസ്റ്റർ അനുവാദമില്ലാതെ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത കോൺസ്റ്റബിളിനെ സുചന ചീത്തവിളിക്കുകയും ചവിട്ടി തള്ളിയിടുകയും മുടി പിടിച്ചു വലിക്കുകയും ചെയ്‌തെന്നാണ് പരാതി. സുചനയുടെ ആക്രമണത്തിൽ പൊലീസുകാരിക്ക് പരിക്കേറ്റെന്നും എഫ്‌ഐആറിലുണ്ട്. ജോലിക്ക് തടസം നിൽക്കുക,ഗുരുതരമായി പരിക്കേൽപ്പിക്കുക, സമാധാന ലംഘനം നടത്താൻ ഉദ്ദേശിച്ചുകൊണ്ട് മനഃപൂർവ്വം അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

2024 ജനുവരി 6-ന്, സുചന തന്റെ മകനോടൊപ്പം നോർത്ത് ഗോവയിലെ കണ്ടോലിമിലുള്ള ഹോട്ടൽ സോൾ ബനിയൻ ഗ്രാൻഡെയിൽ മുറിയെടുത്തിരുന്നു. ജനുവരി 10 വരെ മുറി ബുക്ക് ചെയ്തിരുന്നു, എന്നാൽ ജനുവരി 7-ന് രാത്രി അടിയന്തരമായി പോകാനുണ്ടെന്ന് പറഞ്ഞ് റൂം ചെക്ക് ഔട്ട് ചെയ്യുകയായിരുന്നു. മകന്റെ മൃതദേഹം സ്യൂട്ട് കേസിലാക്കി യാത്ര ചെയ്യുന്നതിനിടെ തൊട്ടടുത്ത ദിവസം കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് സുചന മകനെ കൊന്നതെന്നാണ് കുറ്റപത്രത്തിലുള്ളത്.

മലയാളിയായ വെങ്കിട്ടരാമനാണ് സുചനയുടെ ഭർത്താവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കുട്ടിയുടെ മൃതദേഹത്തിനൊപ്പം ഐലൈനർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറിൽ എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സുചന സേത്ത് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പായിരുന്നു കണ്ടെത്തിയത്. ഭർത്താവുമായുള്ള ബന്ധം വഷളായതിനെ കുറിച്ചും കുട്ടിയെ കാണാൻ അനുവദിച്ച കോടതി ഉത്തരവിൽ അതൃപ്തനാണെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. താൻ അങ്ങേയറ്റം നിരാശയാണെന്നും മകനെ അങ്ങേയറ്റം സ്‌നേഹിക്കുന്നതായും കുറിപ്പിലുണ്ട്. പക്ഷേ മകനെ അവന്റെ പിതാവ് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിവാഹമോചനം അനുവദിച്ചാലും മകന്റെ കസ്റ്റഡി പൂർണമായും എനിക്ക് വേണമെന്നും കത്തിലുണ്ടായിരുന്നു.ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈൻഡ്ഫുൾ എ.ഐ ലാബ് സഹസ്ഥാപകയും സിഇഒയുമാണ് സുചന.

Leave a Reply

Your email address will not be published. Required fields are marked *