‘മൂന്ന് സിസേറിയൻ കഴിഞ്ഞവളാ..അവളെയാണ് ബന്ധുക്കളുടെ മുന്നിലിട്ട് ചവിട്ടിക്കൂട്ടിയത്’; നോബിക്കെതിരെ ഷൈനിയുടെ പിതാവ്
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷൈനിയുടെ പിതാവ് കുര്യാക്കോസ്. ബന്ധുക്കളുടെ മുന്നിൽ വെച്ചു പോലും അതിക്രൂരമായി നോബി മർദിച്ചു.അന്ന് വൈകീട്ടാണ് മകളെ സ്വന്തം വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.accuses
‘ഒമ്പത് മാസം മുമ്പ് രാവിലെ മുതൽ വൈകിട്ട് വരെ മകളെ ബന്ധുക്കളുടെ മുന്നിലിട്ട് ചവിട്ടിക്കൂട്ടി. ആ ബന്ധുക്കൾ ഇവിടെ വന്ന് അക്കാര്യം പറഞ്ഞു. അന്ന് രാത്രി 12 മണിക്കാണ് ഞാൻ മകളെയും കുട്ടിയെയും വിളിച്ചുകൊണ്ടുവന്നത്. അവിടുന്ന് നേരെ പോയത് തൊടുപുഴ വനിത സെല്ലിലാണ്. പരാതി കൊടുത്തിട്ടാണ് വീട്ടിലേക്ക് വന്നത്. മൂന്ന് സിസേറിയൻ കഴിഞ്ഞവളാ..അവളെയാണ് ബന്ധുക്കളുടെ മുന്നിലിട്ട് ചവിട്ടിക്കൂട്ടിയത്. മര്‍ദനമേറ്റ് അവളുടെ ദേഹം മുഴുവന്‍ കരുവാളിച്ചിരുന്നു. ഏറ്റുമാനൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടര്‍ അവളെ പരിശോധിച്ച ശേഷം ഉടന്‍ തന്നെ പൊലീസിൽ പരാതി കൊടുക്കാൻ പറഞ്ഞു.ആ പരാതി ആരുടെയോ സമ്മർദത്തിൽ 15 ദിവസം മനപ്പൂർവം വൈകിപ്പിച്ചു.വിവാഹമോചനക്കേസിൽ ഹാജരാകാനും തയ്യാറായില്ല..’ കുര്യാക്കോസ് ആരോപിച്ചു.
സമാനതകളില്ലാത്ത മാനസികവും ശാരീരികവുമായ പീഡനമാണ് ഷൈനി ഭർത്താവ് നോബിയിൽ നിന്നും നേരിട്ടത്.മകൾ വലിയ മനോവിഷമത്തിലായിരുന്നു.പൊലീസിൽ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.നോബിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മദ്യ ലഹരിയിൽ ഷൈനിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നോബി പൊലീസിനു മൊഴി നൽകി. വിവാഹ മോചനക്കേസുമായി സഹകരിക്കില്ലെന്നും കുട്ടികളുടെ ചെലവിന് പണം നൽകില്ലെന്നും അറിയിച്ചു. നോബിയുടെ പിതാവിൻ്റെ ചികിത്സക്കായി ഷൈനി എടുത്ത ലോൺ തിരിച്ച് അടക്കില്ലെന്നും നോബി പറഞ്ഞു. ഇക്കാര്യങ്ങളാണ് മക്കളുമായി ജീവനെടുക്കാൻ യുവതി തീരുമാനിച്ചതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.വീടിന്റെ ഗേറ്റ് പൂട്ടി ഷൈനി മക്കളുമായി റെയിൽവേ ട്രാക്കിലേക്ക് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.