ആഭ്യന്തരമടക്കം വേണമെന്ന് ഷിൻഡെ വിഭാഗം; മഹായുതിക്ക് തലവേദനയായി വകുപ്പ് വിഭജനം
മുംബൈ: സത്യപ്രതിജ്ഞയ്ക്ക് ശേഷവും മഹാരാഷ്ട്രയിൽ പ്രതിസന്ധി. വകുപ്പ് വിഭജനം വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുകയാണ് മഹായുതിക്ക്. ആഭ്യന്തരമടക്കമുള്ള വകുപ്പുകൾ വേണമെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ ആവശ്യം. ഇതിനിടെ സമാജ് വാദി പാർട്ടി, മഹാ വികാസ് അഘാഡിയുമായി ബന്ധം അവസാനിപ്പിച്ചത് പ്രതിപക്ഷത്തിനും തിരിച്ചടിയായി.
സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടിട്ടും വകുപ്പ് വിഭജനത്തിൽ തീരുമാനമായിട്ടില്ല. പ്രോടേം സ്പീക്കറായി ബിജെപിയുടെ കാളിദാസ് കൊളംബ്കർ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മന്ത്രിമാർ ആരെന്നു തീരുമാനിക്കാൻ ആകാതെ വലയുകയാണ് ബിജെപി നേതൃത്വം. ആഭ്യന്തരം ഷിൻഡെ വിഭാഗത്തിന് വിട്ടു നൽകാൻ ബിജെപി തയ്യാറല്ല. നിയമസഭാ സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിലും തീരുമാനം ആയിട്ടില്ല. ജലവിഭവം, പൊതുമരാമത്ത് വകുപ്പ് എന്നിവയുൾപ്പെടെ മൂന്ന് വകുപ്പുകൾ കൂടി ശിവസേനക്ക് നൽകാനാണ് ഒടുവിൽ ധാരണയായിട്ടുള്ളത്.
ഇതിനിടെ ബാബരി മസ്ജിദ് തകർത്തതിനെ ന്യായീകരിച്ച നേതാവിന്റെ നിലപാടിൽ പ്രതിഷേധിച്ച് സമാജ് വാദി പാർട്ടി മഹാവികാസ് സഖ്യം ഉപേക്ഷിച്ചു. ബാബരി മസ്ജിദ് തകർത്തവരെ അഭിനന്ദിച്ച് ഉദ്ധവ് വിഭാഗം ശിവസേന മുഖപത്രം ആയ സാംനയിൽ പരാമർശം വന്നിരുന്നു. പിന്നാലെ സേന എംഎൽസി മിലിന്ദ് നർവേക്കർ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റും പങ്കുവെച്ചു. ഇതാണ് എസ് പി നേതാക്കളെ ചൊടിപ്പിച്ചത്.
അതേസമയം ഇവിഎം തിരുമറി ആക്ഷേപത്തിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ ഉദ്ധവ് പക്ഷ എംഎൽഎമാർ സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇവിഎമ്മിനെതിരെ ഉയർന്ന ആക്ഷേപത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം