സ്പെഷൽ സ്കൂളിൽ ചലനമറ്റ് ഓട്ടിസം ബാധിച്ച യുവാവ്; പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരം, കെയർടേക്കർ മർദിച്ചുകൊന്നതെന്ന് പൊലീസ്
കൊടുങ്ങല്ലൂർ: സ്പെഷൽ സ്കൂളിൽ ഓട്ടിസം ബാധിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് തിരിച്ചറിഞ്ഞത് പോസ്റ്റ്മോർട്ടത്തിൽ. കേസിൽ അറസ്റ്റിലായ കെയർടേക്കറെ റിമാൻഡ് ചെയ്തു.
കൊടുങ്ങല്ലൂർ വടക്കേ നടയിൽ ബാറിന് സമീപം പ്രവർത്തിക്കുന്ന അനുഗ്രഹ സ്പെഷൽ സ്കൂളിലെ ഓട്ടിസം ബാധിച്ച അന്തേവാസിയാണ് ബുധനാഴ്ച മരിച്ചത്. പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര സ്വദേശി ചള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീനാഥ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ സ്ഥാപനത്തിലെ കെയർടേക്കറായ തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻവീട്ടിൽ മഹേഷിനെ (24) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജനുവരി 10 മുതൽ സ്പെഷൽ സ്കൂളിൽ താമസിച്ചുവരികയായിരുന്നു ശ്രീനാഥ്. ഏപ്രിൽ ഒന്നിന് രാവിലെയാണ് മുറിയിൽ അനക്കമില്ലാത്ത നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിൽ പാടുകൾ കണ്ടെത്തിയിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഒ.ഡി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണത്തിലെ ദുരൂഹത പുറത്തുവന്നത്.
പ്രതി ശ്രീനാഥിനെ വടികൊണ്ടും കൈകൊണ്ടും തല്ലിയതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് സംഭവിച്ച ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിനൊടുവിലാണ് കെയർടേക്കറായ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബിജോയ്, സബ് ഇൻസ്പെക്ടർമാരായ ശിവശങ്കരൻ, വിവേക്, സെബി, സിവിൽ പൊലീസ് ഓഫിസർമാരായ ഗിൽബർട്ട്, ശ്യാം, വിഷ്ണു എന്നിവരാണ് അന്വേഷണ നടപടികൾ കൈക്കൊണ്ടത്.
