തിരിച്ചടിക്കാൻ സിദ്ധരാമയ്യ: ബിജെപി ഭരണകാലത്തെ അഴിമതികൾ അന്വേഷിക്കാൻ മന്ത്രിതല സമിതി

Siddaramaiah

ബെംഗളൂരു: ബിജെപി ഭരണത്തിലെ അഴിമതികൾ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതിക്ക് രൂപം നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് കണ്ടെത്തിയ മുൻ ബി.ജെ.പി ഭരണത്തിലെ അഴിമതികൾ എങ്ങനെ അന്വേഷിക്കണമെന്നും അവയിലേതെങ്കിലും അന്വേഷണത്തിലാണെങ്കിൽ നടപടികള്‍ വേഗത്തിലാക്കാനുമാണ് മന്ത്രിമാരുടെ അഞ്ചംഗ സമിതിയെ മുഖ്യമന്ത്രി നിയോഗിച്ചത്.Siddaramaiah

ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലുള്ള സമിതിയിൽ നിയമമന്ത്രി എച്ച്‌.കെ പാട്ടീൽ, റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ, ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ, തൊഴിൽ മന്ത്രി സന്തോഷ് ലാഡ് എന്നിവരും ഉൾപ്പെടുന്നു. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭയില്‍ ബിജെപി കാലത്തെ 21 അഴിമതികളെക്കുറിച്ച് താന്‍ തന്നെ പരാമര്‍ശിച്ചിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ബിജെപിക്കെതിരായ പ്രതികാര നടപടിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബിജെപി ഭരണകാലത്തെ സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെന്റ് അഴിമതി, സർക്കാർ ടെൻഡറുകളുമായി ബന്ധപ്പെട്ടുള്ളത്, ബിറ്റ്‌കോയിൻ അഴിമതി എന്നിവയിൽ മാത്രമാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം കോവിഡ് 19 സമയത്തെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഇത് മന്ത്രിസഭ പരിഗണിക്കും. അഴിമതികൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

അതേസമയം മൈസൂരു വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ പ്രോസിക്യൂഷന് അനുമതി നൽകിയ ഗവർണറുടെ ഉത്തരവിനെതിരെ മുഖ്യമന്ത്രിയുടെ ഹർജി വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

സ്വന്തം അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള കോൺഗ്രസിൻ്റെ തീവ്രശ്രമമാണ് മന്ത്രിതല സമിതിയെന്ന് പ്രതിപക്ഷ ഉപനേതാവ് അരവിന്ദ് ബെല്ലാഡ് പറഞ്ഞു. ഞങ്ങളെ നിശ്ശബ്ദരാക്കാനോ ബ്ലാക്ക്മെയിലിങ്ങിനോ അനുവദിക്കില്ല. ഇനിയും ശബ്ദമുയര്‍ത്തും. വഴിതിരിച്ചുവിടല്‍ തന്ത്രങ്ങള്‍ ഇവിടെ ചെലവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഡ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ബിജെപിയും ജെഡിഎസും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ബിജെപിയുടെ അഴിമതിക്കേസുകള്‍ കോണ്‍ഗ്രസ് പൊക്കിയെടുക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് ബിജെപി-ജെഡിഎസ് സഖ്യം ഒരാഴ്ചത്തെ പദയാത്ര നടത്തുകയും ചെയ്തിരുന്നു.

അതേസമയം പ്രതിപക്ഷത്തിരിക്കുമ്പോൾ ബിജെപിക്കെതിരെ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണത്തിന് വേണ്ടത്ര വേഗത ലഭിക്കാത്തതില്‍ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാലും ആർഎസ് സുർജേവാലയും അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.എസ് യെദ്യൂരപ്പയുടെയും ബസവരാജ് ബൊമ്മൈയുടെയും കീഴിലുള്ള ബിജെപി ഭരണത്തിലെ വീഴ്ചകളും അഴിമതികളും സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കിയിരുന്നുവെങ്കില്‍ പദയാത്ര ആസൂത്രണം ചെയ്യാൻ പോലും ബിജെപി ധൈര്യം കാണിക്കില്ലായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *