സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവകലാശാല വി.സിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല വി.സിക്കെതിരെ നടപടി. ഡോ. എം.ആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തു. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവിട്ടത്.
Also Read: സിദ്ധാർഥിനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നുവർഷം പഠനവിലക്ക്
സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിനാണ് ഉത്തരവിട്ടതായി ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തിൽ കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവർണർ അറിയിച്ചു.
Also Read: സിദ്ധാർഥിന്റെ മരണത്തിൽ ഒരു പ്രതി കൂടി പിടിയിൽ
ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും വി.സി ചാൻസലറെ വിവരം അറിയിച്ചത് ഇന്നലെയാണ്. വി.സി ഗുരുതരമായ വീഴ്ച വരുത്തി. വി.സിയുടേത് ഉത്തരവാദിത്തമില്ലായ്മയാണ്. ചുമതല നിർവഹിക്കുന്നതിൽ ഉദാസീനത കാണിച്ചു. ചട്ടപ്രകാരമുള്ള ഇടപെടൽ നടത്താതെ കൃത്യവിലോപം കാണിച്ചു. കാംപസിൽ സൗഹാർദപരമായ ഇടപെടൽ ഉണ്ടായില്ല. സർവകലാശാലാ കാര്യങ്ങളിലും അലംഭാവം പുലർത്തിയെന്നും ഗവർണർ കുറ്റപ്പെടുത്തി.
സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്നും ഗവർണർ ആരോപിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ വയറ്റിൽ ഒന്നും ഇല്ലായിരുന്നു. ഭക്ഷണം നൽകിയില്ലെന്നാണ് ഇതു കാണിക്കുന്നത്. പല യൂനിവേഴ്‌സിറ്റികളിലും എസ്.എഫ്.ഐയും പി.ഫ്.ഐയും ഒന്നിച്ചുപ്രവർത്തിക്കുകയാണ. ഒരു ഹോസ്റ്റൽ അവരുടെ ആസ്ഥാനമായി പ്രവർത്തിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.