ഏക സിവിൽകോഡ്: സി.പി.എം സെമിനാറിൽ സമസ്ത പങ്കെടുക്കും- ജിഫ്രി തങ്ങൾ

കോഴിക്കോട്: ഏക സിവിൽകോഡിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പൗരത്വ ബില്ലിന്റെ കാര്യത്തിൽ സഹകരിച്ചതുപോലെ ഈ വിഷയത്തിലും സഹകരിക്കും. കോൺഗ്രസുമായും ലീഗുമായും സഹകരിക്കും. എല്ലാ പൊതു സ്വഭാവമുള്ള പരിപാടികളിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽകോഡിനെതിരെയുള്ള സമര പരിപാടിക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി സമസ്ത സംഘടിപ്പിച്ച സ്‌പെഷ്യൽ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏക സിവിൽകോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമസ്ത നിവേദനം നൽകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഏക സിവിൽകോഡ് മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. മറ്റു സംഘടനാ, രാഷ്ട്രീയ, സാമൂഹിക നേതൃത്വവുമായി കൂടിയാലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങൾ ഭരണഘടനക്ക് അനുസൃതമാകണം. ഏക സിവിൽകോഡ് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഭരണാധികാരികളിൽനിന്ന് ജനങ്ങൾക്ക് പ്രയാസമുണ്ടാകാൻ പാടില്ല. ഓരോ മതങ്ങൾക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.civil code

Leave a Reply

Your email address will not be published. Required fields are marked *