എന്യൂമറേഷൻ മുതൽ ഹിയറിങ് വരെ; എസ്.ഐ.ആർ: ബി.എൽ.ഒ നെട്ടോട്ടത്തിന് പരിസമാപ്തി
തിരുവനന്തപുരം: വീടുകയറിയുള്ള ഫോം വിതരണവും മാപ്പിങ്ങും നോട്ടീസ് വിതരണവും ജോലി സമ്മർദവും ഡിജിറ്റൈസേഷൻ കുരുക്കുമെല്ലാമായി സംഭവബഹുലമായിരുന്നു ബി.എൽ.ഒമാരെ സംബന്ധിച്ച് കഴിഞ്ഞ മൂന്ന് മാസം. പ്രതിഷേധങ്ങളും പ്രതിസന്ധികളും ആർത്തലച്ച നാളുകൾ ശരിക്കും പരീക്ഷണകാലം കൂടിയായിരുന്നു.
കഴിഞ്ഞ ജൂൺ രണ്ട്, മൂന്ന് തീയതികളിൽ ഓരോ മണ്ഡലത്തിൽനിന്ന് രണ്ട് വീതം ബി.എൽ.ഒമാരെ ഡൽഹിയിൽ കൊണ്ടുപോയി പരിശീലനം നൽകിയത് മുതലാണ് കേരളത്തിലെ എസ്.ഐ.ആർ പ്രവർത്തനങ്ങൾക്ക് അനൗദ്യോഗികമായി തുടക്കമാകുന്നത്. പ്രത്യേക ബോഗി തന്നെ വാടകക്കെടുത്താണ് കമീഷൻ ബി.എൽ.ഒമാരെ ഡൽഹിയിലെത്തിച്ചത്. അതേസമയം, ബിഹാറിൽ നടക്കുന്നതല്ലാതെ, ദേശീയ തലത്തിൽ കമീഷൻ എസ്.ഐ.ആർ അന്നുവരെ പ്രഖ്യാപിച്ചിരുന്നില്ല. ഡൽഹിയിൽ പങ്കെടുത്തവർ തിരിച്ചെത്തി അതത് മണ്ഡിങ്ങളിലുള്ളവർക്ക് പരിശീലനം നൽകിയതായിരുന്നു അടുത്ത ഘട്ടം.
15 ബി.എൽ.ഒമാർക്ക് ഒരു സൂപ്പർവൈസറെയും സംശയനിവാരണത്തിന് ഓരോ നിയോജകമണ്ഡലത്തിലും രണ്ട് ട്രെയിനർമാരെയും നിയോഗിച്ചിരുന്നു. നവംബർ നാലിനാണ് കേരളത്തിലെ എന്യൂമറേഷൻ ഫോം വിതരണം ആരംഭിച്ചതെങ്കിലും അതിന് മുമ്പുതന്നെ ബി.എൽ.ഒ ആപ് വഴിയുള്ള മാപ്പിങ് ആരംഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്.ഐ.ആർ നടപ്പാക്കാനുള്ള കമീഷൻ തീരുമാനം മാറ്റിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കോടതിയിലേക്ക് പോയ ഘട്ടത്തിൽ ബി.എൽ.ഒമാർക്കായിരുന്നു സമ്മർദമേറെയും. കോടതിയിൽ കേസ് പരിഗണിക്കുന്നതിന് മുമ്പ് വിവരശേഖരണം പൂർത്തിയാക്കാൻ ബി.എൽ.ഒമാരെ നിർബന്ധിക്കുകയും ടാർഗറ്റ് നൽകുകയും ചെയ്തു കമീഷൻ.
മാറ്റിവെക്കണമെന്ന കേസ് പരിഗണിക്കുന്ന ദിവസം ‘ഞങ്ങളെല്ലാം പൂർത്തിയാക്കി’ എന്ന് കോടതിയിൽ സ്ഥാപിക്കലായിരുന്നു കമീഷന്റെ ലക്ഷ്യം. ഇതിനായി ബി.എൽ.ഒമാർ അക്ഷരാർഥത്തിൽ നെട്ടോട്ടമോടി. ഫോം തിരികെ വാങ്ങൽ മാത്രമല്ല, തിരക്കിട്ടായിരുന്നു ഡിജിറ്റൈസേഷനും. ഇതിനിടെ കമീഷൻ തന്നെ സമയപരിധി നീട്ടി.
എന്യൂമറേഷൻ കഴിയുന്നതോടെ ബി.എൽ.ഒമാരുടെ ജോലി കഴിയുമെന്നായിരുന്നു വ്യക്തമാക്കിയതെങ്കിലും ഡ്യൂട്ടി നീട്ടി ഉത്തരവിറക്കുകയായിരുന്നു. എന്യൂമറേഷൻ ഫോമിലെ യുക്തിപരമായ പൊരുത്തക്കേടുകൾ പരിഹരിക്കാനും ഹിയറിങ് നോട്ടീസ് വിതരണം ചെയ്യാനും രേഖകൾ സമാഹരിച്ച് പോർട്ടലിൽ അപ്ലോഡ് ചെയ്യാനുമായിരുന്നു പുതിയ നിയോഗം. ഹിയറിങ് വേളയിൽ ബി.എൽ.ഒമാരുടെ സാന്നിധ്യവും നിർബന്ധമാക്കി.
വിവരശേഖരണ ഘട്ടം കഴിയുന്നതോടെ ബി.എൽ.ഒമാരുടെ പരക്കം പാച്ചിലിനും വീടുകയറിയിറങ്ങലിനും അറുതിയാകുമെന്നായിരുന്നു കരുതിയതെങ്കിലും മറിച്ചായിരുന്നു അനുഭവം. പേരിലെയും ഇനീഷ്യലിലെയും വയസ്സിലെയുമെല്ലാം പൊരുത്തക്കേടുകൾ തീർക്കാനും രേഖകൾ സാക്ഷ്യപ്പെടുത്താനും അനൗദ്യോഗികമായി വീണ്ടും ഫീൽഡിലേക്ക്. ഇതിനിടെയാണ് പുതിയ അപേക്ഷകളിലെ പരിശോധനയെത്തിയത്.
