‘അങ്ങനെ തനിക്കു മാത്രം ഫസ്റ്റ് ക്ലാസ് വേണ്ട!’; വിമാനത്തില്‍ ഭാര്യയോട് കയര്‍ത്തും മര്‍ദിച്ചും വൈദികന്‍
വാഷിങ്ടണ്‍: വിമാനത്തില്‍ ഭാര്യയെ മര്‍ദിച്ച് വൈദികന്‍. ഭാര്യയുടെ ടിക്കറ്റ് ഫസ്റ്റ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തു കിട്ടിയതില്‍ പ്രകോപിതനായാണ് വൈദികന്‍റെ മര്‍ദനം. യാത്രക്കാര്‍ക്ക് മുന്നില്‍ ഭാര്യയുമായി കയര്‍ക്കുകയും തലയ്ക്കടിക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.plane
ജൂലൈ രണ്ടിന് യു.എസിലെ സീറ്റിലില്‍നിന്ന് ആങ്കറേജിലേക്കു പുറപ്പെട്ട അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിലാണു സംഭവം. അലാസ്‌കയില്‍നിന്ന് വിര്‍ജീനിയയിലെ വീട്ടിലേക്കു ഭാര്യയ്‌ക്കൊപ്പം പുറപ്പെട്ടതായിരുന്നു വൈദികനായ റോജര്‍ അലന്‍ ഹോംബെര്‍ഗ്. എക്കോണമി ക്ലാസിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ റോജര്‍ അലന്‍ ഭാര്യയെ ശകാരിക്കുന്നതും മര്‍ദിക്കുന്നതും സഹയാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടു.
തനിക്ക് എങ്ങനെ സീറ്റ് അപ്‌ഗ്രേഡ് ചെയ്തു കിട്ടി എന്നു പറഞ്ഞായിരുന്നു ശകാരം. ബഹളമുണ്ടാക്കരുതെന്നു പറഞ്ഞു ഭാര്യ തടഞ്ഞെങ്കിലും വൈദികന്‍ നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. അലാസ്‌ക എയര്‍ലൈന്‍സില്‍ സ്ഥിരം യാത്രക്കാരിയും ഗോള്‍ഡ് പോയിന്റ് അംഗവുമായ ഭാര്യയ്ക്ക് ഫസ്റ്റ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തുകിട്ടിയതാണു പ്രകോപനമെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
യാത്രയ്ക്കിടയില്‍ നിരന്തരം ഭാര്യയുടെ സീറ്റിലെത്തി റോജര്‍ അലന്‍ കലിപ്പ് തുടര്‍ന്നു. ഒടുവില്‍ തലയ്ക്കടിക്കുക കൂടി ചെയ്തതോടെ സഹയാത്രികര്‍ ഇടപെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അവധിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും സംഭവത്തില്‍ ഇടപെട്ട് വൈദികനെ തടഞ്ഞു. നടപടി തുടര്‍ന്നാല്‍ കൈയില്‍ വിലങ്ങിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ വൈദികന്‍ അടങ്ങി സ്വന്തം സീറ്റില്‍ ഇരുന്ന് യാത്ര തുടരുകയായിരുന്നു.
ഒടുവില്‍ ആങ്കറേജ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍പും ഇത്തരത്തില്‍ ഭര്‍ത്താവ് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്യാറുണ്ടെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യ അടുത്ത സീറ്റിലുണ്ടാകണമെന്ന ആഗ്രഹത്തില്‍ ചെയ്തുപോയതാണെന്നാണ് റോജര്‍ അലന്‍ ഹോംബെര്‍ഗ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.