സഹോദരിമാർ മത്സരിക്കണമെന്ന് പറഞ്ഞിട്ടില്ല, കുടുംബത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമം- ചാണ്ടി ഉമ്മൻ



കോട്ടയം: സഹോദരിമാർ മത്സരിക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ. മത്സരിക്കാനില്ലെന്ന് രണ്ട് സഹോദരിമാരും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കുടുംബത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതിന്‍റെ ഭാഗമായുള്ള അഭ്യൂഹങ്ങളാണ് ഉയർന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കുന്നതിൽ തന്റെ നിലപാട് പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ചാണ്ടി വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ഒരാൾ മാത്രമേ മത്സര രംഗത്ത് ഉണ്ടാകൂവെന്നും പിതാവ് പറഞ്ഞിട്ടുള്ളത് വീട്ടില്‍നിന്ന് ഒരാള്‍ എന്നാണെന്നും കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. സഹോദരിമാരുടെ പേരുകള്‍ ചര്‍ച്ചയില്‍ വരുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്‍പര്യമില്ലെന്നാണ് രണ്ടുപേരും തന്നോട് പറഞ്ഞത്. അച്ചു ഉമ്മന്‍ മത്സരിക്കുന്നുവെന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണ്. പുതുപ്പള്ളിയില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതേസമയം, കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാംവാരം നടക്കുമെന്നാണ് സൂചന.മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അടുത്തമാസം സംസ്ഥാനം സന്ദര്‍ശിക്കും. മാര്‍ച്ചില്‍ റംസാന്‍ വ്രതവും ചെറിയ പെരുന്നാളും കഴിഞ്ഞാല്‍ ഉടന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളമടക്കം നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഈ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളിലായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്.