‘ഈ നാട്ടിൽ വിദ്വേഷം പരത്തുന്നത് പിണറായി ഒരുക്കുന്ന ഇക്കോസിസ്റ്റത്തിന്റെ സംരക്ഷണയിൽ’; രൂക്ഷ വിമർശനവുമായി രാജു പി. നായർ

Pinarayi

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണൻ വ്യാജ വീഡിയോ പങ്കുവെച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാജു പി. നായർ. പൊതുസമൂഹം ഈ തീവ്രവാദികൾക്കെതിരെ എല്ലാ ശക്തിയുമെടുത്ത് പോരാടുമ്പോൾ കേരളത്തിന്റെ സർക്കാർ എവിടെയാണ്? ഈ വർഗ്ഗീയവാദികൾക്ക് എല്ലാ അസത്യപ്രചാരണത്തിനും സൗകര്യം ചെയ്തു കൊടുക്കുന്ന സംഘപരിവാറിന്റെ അടിമയായി പിണറായി വിജയൻ മാറിയോ? തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയാണ് രാജുവിന്റെ വിമർശനം.Pinarayi

ഗോപാലകൃഷ്ണൻ വീഡിയോ പങ്കുവെച്ച് ഒരു ദിവസം പിന്നിട്ടിട്ടും കേസ് എടുക്കുകയോ മറ്റ് നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിമർശനം. എന്ത് കൊണ്ടാണ് കേരള പോലീസ് ഇയാൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കാത്തതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ രാജു പി. നായർ പറയുന്നു. വിഷകലമാർക്കും ഗോപാലകൃഷ്ണന്മാർക്കും ഒരു കേസും ഭയക്കാതെ സമൂഹത്തെ ഭിന്നിപ്പിക്കാൻ കഴിയുന്ന കള്ളങ്ങൾ പ്രചരിപ്പിക്കാൻ കഴിയുന്ന നാടായി കേരളം മാറി. എവിടെയാണ് കേരള പോലീസിന്റെ സൈബർ പോലീസ്? എന്ത് കൊണ്ട് ഇവർ നിരീക്ഷിക്കപ്പെടുന്നില്ല? എന്നും അദ്ദേഹം ചോദിക്കുന്നു.

സംഘപരിവാർ ഈ നാട്ടിൽ വിദ്വേഷം പരത്തുന്നുണ്ടെങ്കിൽ അത് പിണറായി ഒരുക്കുന്ന ഇക്കോസിസ്റ്റത്തിന്റെ സംരക്ഷണയിലാണ്. നാട് കത്തിക്കാനുള്ള സംഘപരിവാറിന്റെ തീപ്പന്തങ്ങൾക്ക് ഇന്ധനം ഒഴിച്ച് നൽകുന്നത് പിണറായി വിജയനാണ് എന്നും രാജു പി. നായർ രൂക്ഷ വിമർശനം ഉന്നയിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഒരു മതസമൂഹത്തെ മുഴുവൻ അന്യവത്കരിക്കാനും അവർക്കെതിരെ വിദ്വേഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയും ബി.ജെ.പി.യുടെ സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണൻ ബാംഗ്ലാദേശിലെ വീഡിയോ ഉപയോഗിച്ച് പശ്ചിമ ബംഗാളിലെ കലാപം എന്ന നിലയിൽ വ്യാജപ്രചാരണം നടത്തുകയും, അത് പിടിക്കപ്പെട്ടപ്പോൾ മുക്കുകയും ചെയ്തിട്ട് ദിവസം ഒന്ന് കഴിഞ്ഞു. എന്ത് കൊണ്ടാണ് കേരള പോലീസ് ഇയാൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കാത്തത്. മതേതര കേരളത്തെ ഇത്രമാത്രം ഭിന്നിപ്പിക്കുന്ന നിലയിൽ ഇസ്ലാമോഫോബിയ വഖഫ് നിയമത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്ന കാലമാണ്. കേരളം ഒരു സ്ഫോടാനാത്മകമായ നിലയിലാണ്. സംഘപരിവാർ വെടിമരുന്നിന് തീ കൊടുക്കാൻ തയ്യാറായി നിൽക്കുന്നു.

പൊതുസമൂഹം ഈ തീവ്രവാദികൾക്കെതിരെ എല്ലാ ശക്തിയുമെടുത്ത് പോരാടുമ്പോൾ കേരളത്തിന്റെ സർക്കാർ എവിടെയാണ്? ഈ വർഗ്ഗീയവാദികൾക്ക് എല്ലാ അസത്യപ്രചാരണത്തിനും സൗകര്യം ചെയ്തു കൊടുക്കുന്ന സംഘപരിവാറിന്റെ അടിമയായി പിണറായി വിജയൻ മാറിയോ? കേരളത്തിലെ ഇന്റലിജിൻസ് സംവിധാനം എവിടെയാണ്? വിഷകലമാർക്കും ഗോപാലകൃഷ്ണന്മാർക്കും ഒരു കേസും ഭയക്കാതെ സമൂഹത്തെ ഭിന്നിപ്പിക്കാൻ കഴിയുന്ന കള്ളങ്ങൾ പ്രചരിപ്പിക്കാൻ കഴിയുന്ന നാടായി കേരളം മാറി. സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രൊഫൈലുകളുണ്ടാക്കി പൊതുബോധം നിർമ്മിക്കുകയാണ് സംഘപരിവാർ. എന്റെ പോസ്റ്റുകൾക്കടിയിൽ ഇത്തരത്തിൽ മുഖമില്ലാതെ ലോക്ക് ചെയ്ത് വിദ്വേഷം വമിപ്പിക്കുന്ന നാലോളം പ്രൊഫൈലുകൾ ഞാൻ ഇന്നലെ ബ്ലോക്ക് ചെയ്തു. എവിടെയാണ് കേരള പോലീസിന്റെ സൈബർ പോലീസ്? എന്ത് കൊണ്ട് ഇവർ നിരീക്ഷിക്കപ്പെടുന്നില്ല?

ഒന്ന് പറയാം, സംഘപരിവാർ ഈ നാട്ടിൽ വിദ്വേഷം പരത്തുന്നുണ്ടെങ്കിൽ അത് പിണറായി ഒരുക്കുന്ന ഇക്കോസിസ്റ്റത്തിന്റെ സംരക്ഷണയിലാണ്. നാട് കത്തിക്കാനുള്ള സംഘപരിവാറിന്റെ തീപ്പന്തങ്ങൾക്ക് ഇന്ധനം ഒഴിച്ച് നൽകുന്നത് പിണറായി വിജയനാണ്.

Leave a Reply

Your email address will not be published. Required fields are marked *