ശ്രീലങ്കയോടും വൻ തോൽവി; ലോകകപ്പ് ‘എക്സിറ്റ്’ ഭീഷണിയിൽ ഓസീസ്

സെഞ്ച്വറിയ നേടിയ ശ്രീലങ്കയുടെ പതും നിസ്സങ്ക 

പ​ല്ലേ​ക്ക​ലെ (ശ്രീ​ല​ങ്ക): ട്വ​ന്റി20 ലോ​ക​ക​പ്പ് കിരീടമുയർത്താനെത്തിയ ആസ്ട്രേലിയക്ക് ഗ്രൂപ്പ് റൗണ്ടിൽ രണ്ടാം തോൽവി. ആതിഥേയരായ ശ്രീലങ്കക്ക് മുന്നിൽ എട്ടു വിക്കറ്റി​ന്റെ വമ്പൻ തോൽവി വഴങ്ങിയ കങ്കാരുപ്പട ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ നിന്നും പുറത്താവലിന്റെ വക്കിലായി. നേരത്തെ സിംബാബ്​‍വെയോടും, പിന്നാലെ ശ്രീലങ്കയോടും തോറ്റ ഓസീസിന് ഒമാനെതിരായ അവസാന മത്സരം ജയിച്ചാലും കാര്യമില്ലെന്നായി. ചൊവ്വാഴ്ച അയർലൻഡിനെതിരെ സിംബാബ്​‍വെ ജയിച്ചാൽ ഓസീസിന് അവസാന കളി കാത്തിരിക്കാതെ മടക്കടിക്കറ്റ് ബുക്ക് ചെയ്യാം.

ആദ്യം ബാറ്റുചെയ്ത് 181റൺസെടുത്ത ആസ്ട്രേലിയ സുരക്ഷിതമെന്നുറപ്പിച്ച സ്കോറിലെത്തിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ പിടിച്ചു കെട്ടാനായില്ല. സ്വന്തം നാട്ടുകാരുടെ ആർപ്പുവിളിക്കിടെ ഉശിരോടെ ബാറ്റ് വീശിയ ലങ്കയെ ഓപണർ പതും നിസ്സങ്ക 52 പന്തിൽ 100 റൺസിലെത്തിയ മിന്നൽ സെഞ്ച്വറിയുമായി ടീമി​നെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം ഓവറിൽ ഓപണർ കുശാൽ പെരേരയെ (1) നഷ്ടമായെങ്കിലും, കുശാൽ മെൻഡിസിനെ (51) കൂട്ടുപിടിച്ചായിരുന്നു ശ്രീലങ്ക കുതിച്ചത്. നിസ്സങ്ക 100 റൺസുമായി പുറത്താവാതെ നിന്നു. ​രണ്ട് ഓവറും എട്ടു വിക്കറ്റും ബാക്കിനിൽക്കെയായിരുന്നു ലങ്കയുടെ ആധികാരിക വിജയം. അവസാന ഓവറുകളിൽ പവൻ രത്നായകകെ 28 റൺസുമായി പുറത്താകാതെ നിന്നു.

ലങ്കൻ ബാറ്റിങ്ങിനെ പിളർത്താൻ ഓസീസ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും വിജയിക്കാനായില്ല. മാർകസ് സ്റ്റോയിനിസ്, ആഡം സാംപ ഉൾപ്പെടെ എറിഞ്ഞവർക്കെല്ലാം നന്നായി തല്ലുകിട്ടി.

ആസ്ട്രേലിയൻ ബാറ്റിങ് നിരയിൽ ഓ​പ​ണ​ർ​മാ​രാ​യ ക്യാ​പ്റ്റ​ൻ മി​ച്ച​ൽ മാ​ർ​ഷും ട്രാ​വി​സ് ഹെ​ഡും ന​ൽ​കി​യ മി​ന്നും തു​ട​ക്കം ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ മ​ധ്യ​നി​ര പ​രാ​ജ​യ​പ്പെ​ട്ടു. മാ​ർ​ഷ് 27 പ​ന്തി​ൽ 54ഉം ​ഹെ​ഡ് 29 പ​ന്തി​ൽ 56ഉം ​റ​ൺ​സ​ടി​ച്ചു. ഒ​മ്പ​താം ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​ത 100 ക​ട​ന്ന ടീ​മാ​ണ് പി​ന്നീ​ട് ത​ക​ർ​ന്ന​ത്.

റ​ൺ​റേ​റ്റ് 10ന് ​മു​ക​ളി​ലാ​ക്കി ആ​ഞ്ഞ​ടി​ച്ച മാ​ർ​ഷ്-​ഹെ​ഡ് ജോ​ടി​യു​ടെ പ്ര​ക​ട​നം ക​ണ്ട​പ്പോ​ൾ ഓ​സീ​സ് 250ന് ​മു​ക​ളി​ൽ സ്കോ​ർ ചെ​യ്യു​മെ​ന്ന് തോ​ന്നി. 104ലാ​ണ് ഹെ​ഡ് വീ​ണ​ത്. കാ​മ​റൂ​ൺ ഗ്രീ​ൻ മൂ​ന്നും ടിം ​ഡേ​വി​ഡ് ആ​റും റ​ൺ​സി​ന് മ​ട​ങ്ങി. ജോ​ഷ് ഇം​ഗ്ലി​സ് 22 പ​ന്തി​ൽ 27ഉം ​ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ൽ 15 പ​ന്തി​ൽ 22ഉം ​റ​ൺ​സ് ചേ​ർ​ത്തു. വാ​ല​റ്റ​ത്ത് ആ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല. ല​ങ്ക​ക്കാ​യി ദു​ഷ​ൻ ഹേ​മ​ന്ത മൂ​ന്നും ദു​ഷ്മ​ന്ത ച​മീ​ര ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു.

അവസാന കളിയിൽ ഒമാനെതിരെ ജയിച്ചാൽ മാത്രം ആസ്ട്രേലിയക്ക് വിജയിക്കാനാവില്ല. മൂന്നിൽ മൂന്നും ജയിച്ച ശ്രീലങ്ക ഇതിനകം സൂപ്പർ എട്ടുറപ്പിച്ചു. രണ്ടാമതുള്ള സിംബാബ്​‍വെക്ക് രണ്ട് കളിയിലെ ജയവുമായി നാല് പോയന്റുണ്ട്. മൂന്ന് കളിയിൽ ഒരു ജയവും രണ്ട് തോൽവിയുമുള്ള ആസ്ട്രേലിയക്ക് രണ്ട് പോയന്റ് മാത്രമാണുള്ളത്. അതേസമയം, രണ്ട് കളി മാത്രം കഴിഞ്ഞ സിംബാബ്​‍വെ ചൊവ്വാഴ്ച അയർലൻഡിനെ തോൽപിക്കുന്നതോടെ ഓസീസിന്റെ വാതിലുകൾ അടയും. 19ന് ശ്രീലങ്കക്കെതിരെയൊണ് സിംബാബ്​‍വെയുടെ അവസാന മത്സരം.