സ്റ്റാർക്കിന് അഞ്ച് വിക്കറ്റ്, തകർന്നടിഞ്ഞ് ഹൈദരാബാദ് മുന്നേറ്റനിര; ഡൽഹിക്ക് 164 റൺസ് വിജയലക്ഷ്യം
വിശാഖപട്ടണം: മിച്ചൽ സ്റ്റാർക്കിന്റേ പേസിൽ തകർന്നടിഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദ് 18.4 ഓവറിൽ 163 റൺസിന് ഓൾഔട്ടായി. മിച്ചൽ സ്റ്റാർക്ക് അഞ്ചുവിക്കറ്റ് സ്വന്തമാക്കി. കുൽദീപ് യാദവ് മൂന്ന് വിക്കറ്റുമായി മികച്ച പിന്തുണ നൽകി. എസ്ആർഎച്ച് നിരയിൽ അനികേത് വർമ(41 പന്തിൽ 74) റൺസുമായി മികച്ചുനിന്നു.Hyderabad
പവർ പ്ലേ ഓവറുകളിൽ സന്ദർശകരുടെ നാല് വിക്കറ്റുകളാണ് ഡൽഹി വീഴ്ത്തിയത്. ഇഷാൻ കിഷൻ(2), നിതീഷ് കുമാർ റെഡ്ഡി(0), ട്രാവിസ് ഹെഡ്(22) എന്നിവരുടെ വിക്കറ്റ് സ്റ്റാർക്ക് സ്വന്തമാക്കി. അഭിഷേക് ശർമ(1) റണ്ണൗട്ടായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അനികേത് വർമ-ഹെന്റിച് ക്ലാസൻ കൂട്ടുകെട്ട് തകർത്തടിച്ചെങ്കിലും മോഹിത് ശർമയുടെ ഓവറിൽ ക്ലാസൻ(32) മടങ്ങി. പിന്നാലെയെത്തിയ അഭിനവ് മനോഹറിനും(4),പാറ്റ് കമ്മിൻസിനും(2) കാര്യമായൊന്നും ചെയ്യാനായില്ല.
ആദ്യ ഐപിഎൽ ഫിഫ്റ്റി നേടിയ അനികേത് ശർമയുടെ ബാറ്റിങാണ് സ്‌കോർ 163ലെത്തിച്ചത്. കുൽദീപ് യാദവിനെ സിക്‌സർ പറത്താനുള്ള അനികേതിന്റെ ശ്രമം ബൗണ്ടറിലൈനിൽ അവിശ്വസനീയമാംവിധമാണ് ഫ്രേസർ മക്ഗർക് പിടികൂടിയത്. മികച്ച ക്യാച്ചുമായി അക്‌സർ പട്ടേലും ഫാഫ് ഡുപ്ലെസിസും തിളങ്ങിയതോടെ ഹൈദരാബാദ് ഇന്നിങ്‌സ് അവസാനിച്ചു.