സംസ്ഥാന ബജറ്റ് 2025: ചെലവേറുന്നത് എന്തിനെല്ലാം?
തദ്ദേശ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ജനകീയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്.നിലവിലുള്ള ഭൂനികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കൂടും.
വരുമാന വര്‍ധനവിന് ഊന്നല്‍ നല്‍കുന്നതാണ് കെ.എന്‍ ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റ്.ഭൂനികുതി പരിഷ്കരണത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.നിലവിലുള്ള നികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും.ഉയര്‍ന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുന ക്രമീകരിക്കുമെന്നാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം.വില അനുസരിച്ചായിരിക്കും നികുതിയില്‍ മാറ്റം വരുക.
15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 8% നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10% നികുതിയും ഈടാക്കും. ഈ നികുതി വര്‍ധനവിലൂടെ 30 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതിയും പരിഷ്കരിച്ചിട്ടുണ്ട്. പ്രതീക്ഷിക്കുന്നത് 15 കോടി രൂപയുടെ അധിക വരുമാനമാണ്.സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു.15 വര്‍ഷം കഴിഞ്ഞ ബൈക്ക്,മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.വി.കെ മോഹനന് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോടതി ഫീസും കൂട്ടിയിട്ടുണ്ട്.ഹൈകോടതിയില്‍ ഫയല്‍
ചെയ്യുന്ന ഹേബിയസ് കോര്‍പ്പസ്,പൊതു താല്പര്യ ഹര്‍ജികള്‍ക്ക് നിലവിലുള്ള ഫീസ് ഒഴിവാക്കിയിട്ടുണ്ട്.