ഓഹരി വിപണിയിലെ ക്രമക്കേട്: മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാനുളള ഉത്തരവ് സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി
മുംബൈ: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍ ചെയര്‍പേഴ്സന്‍ മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാനുള്ള കീഴ്‌കോടതി ഉത്തരവ് താല്‍കാലികമായി സ്റ്റേ ചെയ്ത് മുംബൈ ഹൈകോടതി. മുംബൈയിലെ സ്‌പെഷ്യല്‍ ആന്റികറപ്ഷന്‍ ബ്യൂറോ (എസിബി) കോടതിയുടെ നിർദേശമാണ് അന്തിമ വിധിയുണ്ടാകും വരെ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മാധബി പുരി ബുച്ചിനും അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു എസിബി കോടതിയുടെ നിര്‍ദ്ദേശം.Stock market
ഒരു കമ്പനിയുമായി ബന്ധപ്പെട്ട് നടന്ന ക്രമേക്കട് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ സപന്‍ ശ്രീവാസ്തവയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. പ്രസ്തുത കമ്പനി സാമ്പത്തികമായി ഭദ്രമാണെന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വില കൃത്രിമത്വം ഉള്‍പ്പെടെയുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് പരാതി. നിയമപരമായി പുലര്‍ത്തേണ്ട ബാധ്യത ഉണ്ടായിരിക്കെ അതെല്ലാം മറികടന്നു കോര്‍പറേറ്റ് കമ്പനികള്‍ക്കായി ക്രമക്കേട് നടത്തിയെന്നും ആരോപണമുണ്ടായിരുന്നു.
മാധവി പുരി ബുച്ച്, സെബിയുടെ നിലവിലെ മുഴുവന്‍ സമയ ഡയറക്ടര്‍മാരായ അശ്വനി ഭാട്ടിയ, അനന്ത് നാരായണന്‍ ജി, കമലേഷ് ചന്ദ്ര വര്‍ഷ്ണി, ബിഎസ്ഇ ഉദ്യോഗസ്ഥരായ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാമമൂര്‍ത്തി, മുന്‍ ചെയര്‍മാനും പൊതു താല്‍പര്യ ഡയറക്ടറുമായ പ്രമോദ് അഗര്‍വാള്‍ എന്നിവര്‍ നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ വിധി. കീഴ്‌കോടതിയുടെ ഉത്തരവ് നാലാഴ്ച്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കേസില്‍ പരാതിക്കാരനായ സപന്‍ ശ്രീവാസ്തവയ്ക്ക് ഹരജികള്‍ക്കുള്ള മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നാലാഴ്ച സമയം നല്‍കുന്നതായും ഹൈക്കോടതി വ്യക്തമാക്കി.