നിര്‍ത്തിയിട്ട ലോറി മോഷ്ടിച്ച് അര കിലോമീറ്ററകലെ ഉപേക്ഷിച്ചു

എടക്കര: ടയര്‍ കടക്ക് സമീപം നിര്‍ത്തിയിട്ട ലോറി മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ സെന്‍സർ പ്രവര്‍ത്തിച്ചതോടെ അര കിലോമീറ്റര്‍ അകലെ റോഡില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ചുങ്കത്തറ എടമല നാസര്‍ ടയര്‍ കടക്ക് മുന്നില്‍ നിര്‍ത്തിയിട്ട അല്‍ബ റൈസ് പൗഡര്‍ കമ്പനിയുടെ പുതിയ ലോറിയാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷണം പോയത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ടയറിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ലോറി കടക്കുമുന്നില്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ പോയിരുന്നു. താക്കോലെടുക്കാന്‍ ഡ്രൈവറും ടയര്‍ കടയുടമ നാസറും മറന്നതാണ് മോഷ്ടാക്കള്‍ക്ക് സൗകര്യമായത്.

രാത്രി ഒന്നോടെ ലോറിയുടെ ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതും പുലര്‍ച്ചെ മൂന്നോടെ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് കൊണ്ടുപോകുന്നതും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞു. സെന്‍സര്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് അധികദൂരം ഓടിക്കാന്‍ കഴിയാതെ വന്നതോടെ ചുങ്കത്തറ നിസ്‌കാരപ്പള്ളിക്ക് സമീപം കെ.എന്‍.ജി റോഡില്‍ ലോറി വിലങ്ങായി നില്‍ക്കുകയായിരുന്നു. ഇതിനിടെ ക്ലച്ച് ഡിസ്‌ക് കരിഞ്ഞതായും കണ്ടെത്തി. പുലര്‍ച്ചെ ഹൈവേ പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നാസര്‍ സ്ഥലത്തെത്തിയത്. ലോറിയുടെ കേടുപാടുകള്‍ ഉള്‍പ്പെടെ ഏകദേശം 50,000 രൂപയുടെ നഷ്ടമുണ്ടായതായി കമ്പനി അധികൃതര്‍ പറഞ്ഞു. എടക്കര പൊലീസില്‍ പരാതി നല്‍കി.