താമരശ്ശേരിയിലെ വിദ്യാര്‍ഥി സംഘര്‍ഷം; പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാറോലക്കുന്ന് സ്വദേശി ഇക്ബാലിന്‍റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.Student conflict
സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്. അതിനിടെ അക്രമി സംഘത്തിൽ പെട്ടവരുടെ ഇൻസ്റ്റഗ്രാം ചാറ്റും പുറത്തായി. ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും അവന്‍റെ കണ്ണു പോയി നോക്ക് എന്നും അവരല്ലേ ഇങ്ങോട്ട് അടിക്കാൻ വന്നത് കേസ് ഒന്നും ഉണ്ടാകില്ല എന്ന് വിദ്യാർഥികൾ പറയുന്ന ഞെട്ടിക്കുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്.
താമരശ്ശേരി പഴയ ബസ്റ്റാൻഡിൽ സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെലിൽ നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കപ്പിൾ ഡാൻസ് കളിക്കുന്നതിനിടെ പാട്ട് നിന്ന് പോവുകയും ഇത് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കൂവി വിളിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലെ തുടക്കം. സംഭവം സ്ഥലത്തുതന്നെ അധ്യാപകർ ഇടപെട്ട് പരിപാടി നിർത്തിവെക്കുകയും വിദ്യാർഥികളെ മാറ്റുകയും ചെയ്തു. എന്നാൽ പിന്നീട് എംജിഎം സ്കൂളിലെ വിദ്യാർഥികൾ സംഘം ചേർന്ന് ഇന്നലെ വൈകിട്ടോടെ താമരശ്ശേരിയിലെത്തി. തുടർന്നാണ് സ്ഥലത്ത് വലിയ സംഘർഷമുണ്ടായിരുന്നു.
സംഘർഷത്തിൽ എംജെ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. വിദ്യാർഥിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് കേസെടുക്കുകയും 4 വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.