ഇളയമകനെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് സുജ; മിഥുന് വിട നൽകാൻ അമ്മയെത്തി, വിമാനത്താവളത്തിൽ വൈകാരിക രംഗങ്ങൾ
കുടുംബത്തെ കര കയറ്റാനായാണ് സുജ വിദേശത്തേക്ക് ജോലി തേടി പോയത്. തിരിച്ചുവരുമ്പോള്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കാന്‍ രണ്ട് ആണ്‍മക്കളുമുണ്ടാകേണ്ടിയിരുന്നു. മിഥുനും അവന്‍റെ അനിയനും… എന്നാല്‍ സുജ ഇന്ന് നാട്ടിലെത്തിയപ്പോള്‍ കാത്തുനിന്നത് ഇളയമകന്‍ മാത്രമാണ്. മൂത്തമകന്‍ ജീവനറ്റ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും…ഇളയ മകനെ കണ്ടതോടെ അതുവരെ അടക്കിപ്പിടിച്ച ദുഃഖങ്ങളെല്ലാം അണപൊട്ടി. അതി വൈകാരികമായ രംഗങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്.
കൊല്ലം തേവലക്കര സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ ഇന്ന് രാവിലെ 9.30 ഓടെയാണ് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇളയമകനും സുജയുടെ ചേച്ചിയുമടക്കമുള്ള ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. വിമാനമിറങ്ങി എത്തിയ സുജ ഇളയമകനെ കണ്ടതോടെ നിയന്ത്രണം വിട്ട് കരയുകയായിരുന്നു.വിമാനത്താവളത്തില്‍ നിന്ന് നേരെ വീട്ടിലേക്ക് സുജയെ കൊണ്ടുപോയി. ഉച്ചയോടെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ വച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം 12 മണിവരെ തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. വിലാപ യാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം അഞ്ച് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. മിഥുന്റെ മരണത്തിലെ വീഴ്ചയ്ക്കെതിരെ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകും.
വ്യാഴാഴ്ചയാണ് സ്‌കൂളിൽ കളിക്കുന്നതിനിടെ 13 വയസുകാരനായ മിഥുൻ ഷോക്കേറ്റ് മരിക്കുന്നത്. കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിന് മുകളിലേക്ക് തെറിച്ചുവീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മിഥുനെ ആശുപയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അതേസമയം, എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ‘കുറ്റം ചെയ്തത് ആരായാലും കർശന നടപടി സർക്കാർ സ്വീകരിക്കും. മാനേജ്മെന്റിന്റെ വീഴ്ച അംഗീകരിക്കാൻ കഴിയില്ല.സ്കൂൾ മാനേജർക്ക് നോട്ടീസ് കൊടുത്തു’.പ്രധാനധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്നും മന്ത്രി പറഞ്ഞു.
മിഥുനിന്‍റെ സംസ്കാരം കഴിഞ്ഞ് മറ്റ് നടപടികൾ സ്വീകരിക്കും. ചെയ്യാൻ കഴിയുന്നതൊക്കെ സര്‍ക്കാര്‍ ചെയ്യുമെന്നും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം,സംഭവത്തെ രാഷ്ട്രീയ വത്കരിക്കരുതെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.