ഓണവിപണിയില്‍ സര്‍വകാല റെക്കോഡുകള്‍ തിരുത്തി സപ്ലൈകോ
തിരുവനന്തപുരം: ഓണവിപണിയില്‍ സര്‍വകാല റെക്കോര്‍ഡുകള്‍ തിരുത്തി സപ്ലൈകോ. ഇതുവരെ 56.50 ലക്ഷം ഉപഭോക്താക്കള്‍ സപ്ലൈകോ വില്പന ശാലകള്‍ സന്ദര്‍ശിക്കുകയും 383.12 കോടി രൂപയുടെ വില്പന നടക്കുകയും ചെയ്തു. ഇതില്‍ 180 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വില്പനയിലൂടെയാണ്. കേരളത്തിലെ 2.25 കോടിയോളം ജനങ്ങള്‍ക്ക് നേരിട്ട് ഇതിന്റെ പ്രയോജനം ലഭിച്ചു. ആഗസ്റ്റ് 27ന് സപ്ലൈകോയുടെ പ്രതിദിന വിറ്റുവരവ് അതിനു മുമ്പുള്ള ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിലെത്തി.
ആഗസ്റ്റ് അവസാനവാരം തൊട്ട് പ്രതിദിന വില്പന ഓരോ ദിവസവും റെക്കോര്‍ഡായിരുന്നു. ആഗസ്റ്റ് 29ന് ഈ റെക്കോര്‍ഡ് ഭേദിച്ച് 17.91 കോടിയും 30ന് 19.4 കോടിയും സെപ്തംബര്‍ ഒന്നിന് 22.2 കോടിയും രണ്ടിന് 24.99 കോടിയും മൂന്നിന് 24.22 കോടിയും കടന്നു. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടഞ്ഞുവെന്നും സപ്ലൈകോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ബുധനാഴ്ച വരെ സപ്ലൈകോ വഴി 1.19 ലക്ഷം ക്വിന്റല്‍ അരി വിറ്റതിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റര്‍ ശബരി വെളിച്ചെണ്ണ വില്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റര്‍ കേര വെളിച്ചെണ്ണ വില്പനയിലൂടെ 4.95 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ജില്ലാ ഫെയറുകളില്‍ 4.74 കോടി രൂപയുടെ വില്പന നടന്നു. നിയോജക മണ്ഡല ഫെയറുകളില്‍ 14.41 കോടി രൂപയുടെ വില്പന നടന്നു.