‘തമിഴ്നാട് ഗവർണർക്കെതിരായ സുപ്രിംകോടതി വിധി കേന്ദ്രസർക്കാറിനുള്ള താക്കീത്’; മന്ത്രി പി.രാജീവ്

Minister P. Rajeev

തിരുവനന്തപുരം:ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്നാട് ഗവർണർക്കെതിരായ സുപ്രിംകോടതി വിധി കേന്ദ്രസർക്കാറിനുള്ള താക്കീതെന്ന് നിയമമന്ത്രി പി.രാജീവ്. കേരളത്തിന്റെ ആവശ്യത്തെ കൂടി അംഗീകരിക്കുന്ന വിധിയാണ് കോടതിയുടേത്. ബില്ലിനുമേൽ സമയപരിധി നിശ്ചയിച്ച് കോടതി ജനാധിപത്യത്തെ ഉയർത്തിപ്പിടിച്ചു. എല്ലാ ഗവർണർമാർക്കും ഉള്ള ഒരു മുന്നറിയിപ്പാണ് വിധിയെന്നും പി.രാജീവ് പറഞ്ഞു.Minister P. Rajeev

അതേസമയം, തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രിംകോടതി വിധി കേരളത്തിനും ആശ്വാസകരമാണ്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ ബില്ലുകളില്‍ തീരുമാനം അനന്തമായി നീട്ടുന്ന രീതിയ്ക്ക് എതിരെ കേരളവും നിയമപോരാട്ടം നടത്തിയതാണ്. ഗവര്‍ണര്‍മാരെ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയ ഇടപെടലുകള്‍ക്കുള്ള തിരിച്ചടിയായാണ് വിധിയെ കേരളം കാണുന്നത്.

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായിരുന്ന കാലത്ത് കൂട്ടത്തോടെ ബില്ലുകള്‍ തീരുമാനം എടുക്കാതെ പിടിച്ചുവെച്ചത് ചരിത്രം. തീരുമാനം രണ്ട് വര്‍ഷം വരെ എടുക്കാതെ നീട്ടിയും ഒക്കെ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ചു. ഗവര്‍ണറുടെ ഇത്തരം ഇടപെടലുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു അന്ന് സംസ്ഥാന സര്‍ക്കാര്‍ വാദം.

സഹിക്കെട്ട് കേരളം നിയമ പോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ ചിലതിന് അംഗീകാരം നല്‍കിയും മറ്റ് ചിലത് രാഷ്ട്രപതിക്ക് കൈമാറിയുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ തലയൂരിയത്. അതിനാല്‍ തമിഴ്നാട് ഗവര്‍ണര്‍ക്ക് എതിരായ വിധി കേരളത്തിന്‍റെ ആവശ്യത്തെ കൂടി അംഗീകരിക്കുന്നതായി മാറിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ബില്ലില്‍ തീരുമാനം എടുക്കാനുള്ള സമയപരിധി കൂടി സുപ്രിംകോടതി നിശ്ചയിച്ചതും സംസ്ഥാന സര്‍ക്കാരിന് ആശ്വാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *