തെരുവുനായുടെ ആക്രമണത്തിൽനിന്ന് പെൺകുട്ടിയെ രക്ഷിച്ച സുരേഷിന് ഹൈകോടതിയിൽനിന്ന് ഒരഭിനന്ദനക്കത്ത്



കൊച്ചി: തെരുവുനായുടെ ആക്രമണത്തിൽനിന്ന് പെൺകുട്ടിയെ രക്ഷിച്ച നിർമാണത്തൊഴിലാളിക്ക് ഹൈകോടതിയിൽനിന്ന് ഒരു അഭിനന്ദനക്കത്ത്. ഹൈകോടതി ജഡ്ജി ജസ്റ്റിസ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ധീരതയെ ആദരിച്ചത്.

മലപ്പുറത്ത് മദ്റസയിൽനിന്ന് വരികയായിരുന്ന 14 വയസ്സുള്ള പെൺകുട്ടിയാണ് തെരുവുനായുടെ ആക്രമണത്തിനിരയായത്. ഭയന്ന പെൺകുട്ടിയെ തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലത്തെ നിർമാണ തൊഴിലാളിയായ സുരേഷ് രക്ഷിക്കുകയായിരുന്നു.

സ്വന്തം ജീവൻ അപകടപ്പെടുത്തിയും പെണ്‍കുട്ടിയെ രക്ഷിച്ചുവെന്നും മനുഷ്യത്വത്തിന്‍റെ മാതൃകയാണെന്നും സുരേഷിന് അയച്ച കത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

തെരുവുനായുടെ ആക്രമണത്തിൽനിന്ന് കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ സുരേഷിനെയും നായ് ആക്രമിച്ചിരുന്നു. ഓടയിൽ വീണ സുരേഷിനെ നായ് വിടാതെ ഉപദ്രവിക്കുകയായിരുന്നു.

സുരേഷിന് ദേഹത്ത് 15 ഇടത്ത് മുറിവേറ്റിട്ടുണ്ട്. സംഭവത്തി​ന്റെ സി.സിടി.വി ദൃശ്യങ്ങൾ വൈറലായിരുന്നു. സുരേഷിന്റെ ശ്രമത്തിന് വിവിധയിടങ്ങളിൽനിന്ന് അഭിനന്ദങ്ങൾ എത്തിയിരുന്നു.

അപകടമാണെന്നറിഞ്ഞിട്ടും കുട്ടിയെ രക്ഷിക്കാൻശ്രമിച്ച സുരേഷിന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ പ്രശംസയാണ് ലഭിച്ചത്. ഇതിന്റെ കൂടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അഭിനന്ദക്കത്തുകൂടി സുരേഷിനെ തേടിയെത്തുന്നത്.