T20 World Cup 2024: സഞ്ജുവിന്റെ സവിശേഷ കഴിവെന്ത്? ബാറ്റിങ് രഹസ്യം അതാണ്; സംഗക്കാര പറയുന്നു
മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചത് സഞ്ജു സാംസണും റിഷഭ് പന്തുമാണ്. രണ്ട് പേരും മികച്ച ബാറ്റിങ് കരുത്തുള്ള താരങ്ങളാണ്. ഇരുവരും ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനവും കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഇവരിലാരാണ് ടി20 ലോകകപ്പ് കളിക്കേണ്ടതെന്നത് സെലക്ടര്‍മാരുടേയും ടീം മാനേജ്‌മെന്റിന്റേയും നായകന്റേയുമെല്ലാം തല പുകയ്ക്കുന്ന ചോദ്യമാണ്. Sanju’s
നിലവിലെ ബാറ്റിങ് ഫോം പരിശോധിക്കുമ്പോള്‍ റിഷഭിനെക്കാള്‍ മുന്‍തൂക്കം സഞ്ജുവിനുണ്ട്. റണ്‍വേട്ടയില്‍ 11 മത്സരത്തില്‍ നിന്ന് 471 റണ്‍സുമായി നാലാം സ്ഥാനത്താണ് സഞ്ജു. 12 മത്സരത്തില്‍ നിന്ന് 413 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. ഇടം കൈയനെന്ന മുന്‍തൂക്കം റിഷഭ് പന്തിനുണ്ട്. എന്നാല്‍ സഞ്ജുവിനെ ഫോം വിലയിരുത്തുമ്പോള്‍ കരക്കിരുത്തുക പ്രയാസമാണ്. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ സഞ്ജു ഒന്നാം നമ്പര്‍ കീപ്പറായി കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കുമാര്‍ സംഗക്കാര.
രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്ടറായ സംഗക്കാര സഞ്ജുവിന്റെ സവിശേഷമായ കഴിവുകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ‘ഇതിന് മുമ്പുള്ള പല മത്സരങ്ങളിലും നിര്‍ണ്ണായക സമയത്ത് സഞ്ജുവിന്റെ ശ്രദ്ധ നഷ്ടപ്പെടാറുണ്ടായിരുന്നു. ഇക്കാര്യം മുമ്പ് തന്നെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ വളരെയധികം മാറ്റം വന്നിട്ടുണ്ട്. നായകനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയിലും സഞ്ജു ഒരുപാട് മാറി.
വിശ്രമത്തിന്റേയും മാനസിക ആരോഗ്യത്തിന്റേയും പ്രാധാന്യം മനസിലാക്കി അവന്‍ ചിന്താഗതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അവസരം ലഭിക്കുമ്പോഴെല്ലാം പരിശീലനം നടത്താനും ശാരീരികമായും മാനസികമായും തയ്യാറെടുക്കാനും അവന്‍ ശ്രമിക്കുന്നുണ്ട്. അവന്‍ സവിശേഷ പ്രതിഭയുള്ള താരമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അവന്‍ ശ്രദ്ധയോടെയും മികച്ച മാനസികാവസ്ഥയോടെയും കളിച്ചാല്‍ നേടിയെടുക്കാന്‍ സാധിക്കാത്തതായി ഒന്നുമില്ല’ സംഗക്കാര പറഞ്ഞു.
മുന്‍ സീസണുകളിലൊക്കെ സഞ്ജുവിന്റെ സ്ഥിരതയായിരുന്നു പ്രധാന പ്രശ്‌നം. മികച്ച രീതിയില്‍ തുടങ്ങിയ ശേഷം സഞ്ജു പിന്നോട്ട് പോകുന്നതായിരുന്നു കാണാനായിരുന്നത്. എന്നാല്‍ ഇത്തവണ കൂടുതല്‍ പക്വതയോടെ സഞ്ജു കളിക്കുന്നു. സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന സഞ്ജു റണ്‍സ് പിന്തുടരുന്ന സമ്മര്‍ദ്ദ സാഹചര്യങ്ങളിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നുണ്ട്. ഈ മികവാണ് ടി20 ലോകകപ്പിലേക്ക് സഞ്ജുവിന് വിളിയെത്താനും കാരണം.
റിഷഭ് പന്തിനെ മറികടന്ന് സഞ്ജു ടി20 ലോകകപ്പ് കളിക്കണമെന്നാണ് സംഗക്കാര അഭിപ്രായപ്പെട്ടത്. ‘റിഷഭ്, സഞ്ജു എന്നിവരില്‍ ആരാണ് കളിക്കേണ്ടതെന്നത് രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയുമാണ് തീരുമാനിക്കേണ്ടത്. ടീം കോമ്പിനേഷന് അനുസരിച്ചാവും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. എന്നാല്‍ സഞ്ജുവിന് അവസരം ലഭിക്കണമെന്നാണ് ആഗ്രഹം. റണ്‍സ് നേടാന്‍ അവന് സാധിക്കും’ സംഗക്കാര പറഞ്ഞു. മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന താരത്തെയാണ് ഇന്ത്യക്കാവശ്യം.
സഞ്ജു മൂന്നാം നമ്പറിലാണ് രാജസ്ഥാനായി ബാറ്റ് ചെയ്യുന്നത്. അതേ സമയം റിഷഭ് കളിക്കുന്നത് അഞ്ചാം നമ്പറിലാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെക്കാള്‍ സാധ്യത റിഷഭിനാണെന്നതാണ് വസ്തുത. എന്നാല്‍ പ്രകടനം വിലയിരുത്തുമ്പോള്‍ സഞ്ജുവിന് മധ്യനിരയില്‍ കളിച്ച് മികവ് കാട്ടാനും ശേഷിയുണ്ട്. ഇത് വിലയിരുത്തുമ്പോള്‍ സഞ്ജു അവസരം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനം ടീം മാനേജ്‌മെന്റിന്റേതായതിനാല്‍ കാത്തിരുന്ന് കണ്ടറിയാം.
അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ പിച്ച് സ്ലോവാണ്. സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. സ്പിന്നിനെ നേരിടുന്നതില്‍ റിഷഭിനെക്കാള്‍ കേമന്‍ സഞ്ജുവാണ്. റിഷഭ് മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരമാണ്. സഞ്ജുവിനെക്കാള്‍ കൂടുതല്‍ എതിര്‍ ടീം ഭയക്കുന്നത് റിഷഭിനെയാണ്. എന്തായാലും ആരാവും അന്തിമ 11ലേക്കെത്തുകയെന്നത് രോഹിത്തും ദ്രാവിഡും ചേര്‍ന്ന് തീരുമാനിക്കും.