തബ്‌ലീഗ് ജമാഅത്ത് കോവിഡ് കേസ്: 70 അംഗങ്ങൾക്ക് എതിരായ കുറ്റങ്ങളും തുടർനടപടികളും ഡൽഹി ഹൈക്കോടതി റദ്ദാക്കി

Tablighi Jamaat Covid case: Delhi High Court quashes charges and further proceedings against 70 members

 

ന്യൂഡൽഹി: കോവിഡ് പടർത്തിയെന്ന് ആരോപിച്ച് 70 തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് എതിരെ അഞ്ച് വർഷമായി തുടരുന്ന കേസിലെ കുറ്റങ്ങൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. വിശദമായ വിധിക്കുള്ള കാത്തിരിപ്പിനിടെയാണ് നടപടിക്രമങ്ങൾ റദ്ദാക്കുന്നതായി ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ തുറന്ന കോടതിയിൽ പ്രഖ്യാപിച്ചത്.

2020 ഏപ്രിൽ തുടക്കത്തിൽ ഇന്ത്യയിൽ കോവിഡ് രൂക്ഷമായതോടെ തബ്‌ലീഗ് ജമാഅത്തിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ വഷളാക്കിയെന്ന് ആരോപിച്ച് കുറ്റം ചുമത്തി. ഡൽഹിയിലെ അവരുടെ മർക്കസിൽ ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് അടിയന്തര നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് 950ൽ അധികം വിദേശ പൗരൻമാരെയും സർക്കാർ കരിമ്പട്ടികയിൽ പെടുത്തി.

2020 മാർച്ച് 24നും 2020 മാർച്ച് 30നും ഇടയിൽ വിദേശ പൗരൻമാരെ വിവിധ പള്ളികളിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് 16 എഫ്‌ഐആറുകളിലായി 70 പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു. എഫ്‌ഐആറുകളിൽ വിദേശ പൗരൻമാരുടെ പേരുകൾ ഉണ്ടായിരുന്നെങ്കിലും മിക്ക കുറ്റപത്രങ്ങളിലും അവരെ പ്രതികളായി ഉൾപ്പെടുത്തിയിരുന്നില്ല.

1897ലെ പകർച്ചവ്യാധി രോഗ നിയമത്തിലെ സെക്ഷൻ 3, ഐപിസി സെക്ഷൻ 188, 269, 270, 271, 120-ബി എന്നിവയും 2005ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകളും ചേർത്ത് ഏഴ് ഇന്ത്യക്കാർക്കെതിരെ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് ക്രൈംബ്രാഞ്ച് 1946ലെ വിദേശി നിയമത്തിലെ സെക്ഷൻ 14 (ബി) പ്രകാരം 955 വിദേശ പൗരൻമാർക്കെതിരെ 48 കുറ്റപത്രങ്ങളും 11 അനുബന്ധ കുറ്റപത്രങ്ങളും ഫയൽ ചെയ്തു. അതിൽ 911 പേർ മജിസ്‌ട്രേറ്റ് കോടതി നടപടികളിൽ പങ്കെടുത്തിരുന്നു.

പിന്നീട് സമാനമായ കുറ്റങ്ങൾക്ക് ഡൽഹിയിലുടനീളം ചാന്ദ്‌നി മഹൽ പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ 28 മറ്റു എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. ചാന്ദ്‌നി മഹൽ പൊലീസ് സ്റ്റേഷനിലെ എഫ്‌ഐആറിലെ ഇന്ത്യൻ പൗരൻമാർക്ക് എതിരായ കുറ്റപത്രമാണ് കോടതി റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *