വൈദ്യുതി നിയന്ത്രണം കടുപ്പിക്കുന്നു; വൈകിട്ട്…

തിരുവനന്തപുരം: കെ.എസ്.ഇ.ബി യുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തും. കഴിഞ്ഞ ദിവസം പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. മലബാർ മേഖലക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും. വൈകിട്ട് 7 മണി മുതൽ പുലർച്ചെ 1 മണി വരെ ഏത് സമയത്തും ലോഡ് ഷെഡിങ് ഏർപ്പെടുത്തും. ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറക്കാനുള്ള മാർഗനിർദേശങ്ങളും കെ.എസ്.ഇ.ബി പുറത്തിറക്കിയിരുന്നു.

വൻകിട വ്യവസായങ്ങളുടെ പ്രവർത്തനം പുന:ക്രമീകരിക്കണമാണ് ഇതിൽ പ്രധാനപ്പെട്ടത്. രാത്രി 9 ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര ദീപങ്ങൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ അണക്കണം. രാത്രി 10 മുതൽ പുലർച്ചെ 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. 2 ദിവസം ഇത് വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് നൽകും. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയിൽ നിജപെടുത്തണമെന്നും നിർദേശമുണ്ട്.

അതേസമയം, മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. ‘വൈദ്യുത നിയന്ത്രണം ഇന്നലെ 214 മെഗാവാട്ട് കുറഞ്ഞു.എല്ലാവരും സ്വയം നിയന്ത്രിച്ചതിന് നന്ദി. സംസ്ഥാനത്ത് 20 ശതമാനം വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നുള്ളൂ.ബാക്കിയിള്ളത് പുറത്തു നിന്നു വാങ്ങുകയാണ്. ഉപഭോക്താക്കൾ സ്വയം നിയന്ത്രണം കൊണ്ടുവന്നാൽ പ്രതിസന്ധി മറികടക്കാൻ കഴിയും. വഴിവിളക്കുകൾ പകൽ സമയങ്ങളിലും പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്’.. മന്ത്രി പറഞ്ഞു.

Read more