തമിഴ്‌നാട് കസ്റ്റഡി മരണം: കേസ് സിബിഐക്ക് കൈമാറി; അന്വേഷണം സുതാര്യമാക്കുമെന്ന് സ്റ്റാലിന്‍
ന്യൂഡൽഹി:തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച കേസ് സിബിഐക്ക് കൈമാറിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു. സുതാര്യവും വിശ്വസനീയവുമായ അന്വേഷണം ഉറപ്പാക്കുക എന്നതാണ് കേസ് കൈമാറിയതിന് പിന്നിലെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആകാമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിട്ടത്. സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസിയുമായി പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട അജിത് കുമാറിന്‍റെ കുടുംബവുമായി മുഖ്യമന്ത്രി നേരിട്ട് ബന്ധപ്പെട്ടു. അജിത്തിന്‍റെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും സ്റ്റാലിന്‍ അറിയിച്ചു.CBI
മദപുരം കാളിയമ്മൻ ക്ഷേത്രത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു അജിത് കുമാർ. ക്ഷേത്രത്തിന് സമീപം കാർ പാർക്ക് ചെയ്യാനായി അജിത്തിന് താക്കോൽ നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും സ്ത്രീ പരാതി നൽകി. ഈ പരാതിയില്‍ ചോദ്യം ചെയ്യുന്നതിനായാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.ക്രൂരമായ ചോദ്യം ചെയ്യലിനിടെ അജിത് കുമാര്‍ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. അജിത് കുമാറിനെ പ്ലാസ്റ്റിക് പൈപ്പുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് മർദിക്കുന്നതിന്‍റെ വീഡിയോ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ഹാജരാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിന്‍റെ തലയിലും നെഞ്ചിലും ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൊലക്കുറ്റം ചുമത്തി പൊലീസുകാരെ അറസ്റ്റ് ചെയ്തത്. ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ശിവഗംഗ പൊലീസ് സൂപ്രണ്ട് ആശിഷ് റാവത്തിനെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തി. രാമനാഥപുരം പൊലീസ് സൂപ്രണ്ട് ജി ചന്ദീഷിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.