‘എന്നെ ലക്ഷ്യമിട്ടോളൂ, പ്രവര്‍ത്തകരെ വെറുതെ വിടൂ’; കരൂര്‍ അപകടത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിജയ്

'Target me, leave the activists alone'; Vijay says there is a conspiracy behind the Karur accident

 

ചെന്നൈ: കരൂർ ദുരന്തത്തിൽ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. മനസിൽ വേദന മാത്രമെന്നും ഇത്രയും വേദന മുൻപുണ്ടായിട്ടില്ലെന്നും വിജയ് പറഞ്ഞു. അപകടത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും വിജയ് സൂചിപ്പിച്ചു.

തന്നെ ലക്ഷ്യമിട്ടോളൂവെന്നും പ്രവർത്തകരെ വെറുതെ വിടണമെന്നും വീഡിയോ സന്ദേശത്തിൽ വിജയ് കൂട്ടിച്ചേർത്തു. രാഷ്ട്രീയം ശക്തമായി തുടരും. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വികാരാധീനനായി വിജയ് പറഞ്ഞു.

നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ഞാനും മനുഷ്യനാണ്. ഇത്രയും ആളുകൾക്ക് ദുരിതം ബാധിക്കുമ്പോൾ എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നത്. പരിക്ക് പറ്റിയവരെ എത്രയും വേഗം കാണും. വേദനയിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി. നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും എല്ലാം നന്ദി. അഞ്ച് ജില്ലകളിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരിൽ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു?. പൊതുജനങ്ങൾക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങൾ സത്യം വിളിച്ചു പറയുമ്പോൾ ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാർട്ടി പ്രവർത്തകർക്കും സമൂഹമാധ്യമങ്ങളിൽ സംസാരിച്ചവർക്കുമെതിരെ കേസെടുത്തുവെന്നും വിജയ് പറഞ്ഞു.

സംഭവത്തിൽ ടിവികെ നേതാക്കളെ കോടതി കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറിയുൾപ്പെടെയുള്ള നേതാക്കൾ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തങ്ങൾ പൊലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചതാണെന്നും എന്നാൽ വേണ്ട സുരക്ഷയൊരുക്കിയില്ലെന്നും ടിവികെ നേതാക്കൾ കോടതിയിൽ പറഞ്ഞു. എന്നാൽ പൊലീസ് നൽകിയ 11 നിർദേശങ്ങൾ ടിവികെ പാലിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കേസുകൾ ചേർത്താണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒളിവിലുള്ള നേതാക്കൾക്കായി ത്രിച്ചിയിൽ പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നടത്തിയിരുന്നു. ഡിഎംകെ നേതാക്കൾ അട്ടിമറി നടത്തിയെന്ന ആരോപണവും ടിവികെ ഉന്നയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *