ജമ്മു കശ്മീരിൽ ഭീകരാക്രമണം; 27 പേർ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങൾ
ജമ്മു കാശ്മീർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. 27 പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ കര്‍ണാടക ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവുവും. സംഭവ സ്ഥലത്ത് മലയാളികൾ ഉൾപ്പെട്ടതായി സൂചന.
തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസൺ ആണിപ്പോൾ.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഭീകരാക്രമണം അപലപനീയവും ഹൃദയഭേദകവുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. ആക്രമണം നടന്ന പഹൽഗാം സന്ദർശിക്കും.