കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; മൂന്ന് ഭീകരരെ വധിച്ചു
കറാച്ചി: പാകിസ്താനെ നടുക്കി വീണ്ടും ഭീകരാക്രമണം. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്താണ് വെള്ളിയാഴ്ച രാത്രി 7.10 ഓടെ ഭീകരർ ആക്രമണം നടത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിനകത്തുള്ളപ്പോഴായിരുന്നു ആക്രമണം.
പ്രദേശത്ത് അർധസൈനിക വിഭാഗവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു. ഭീകരസംഘത്തിൽ എത്ര പേരുണ്ടെന്ന കാര്യം വ്യക്തമല്ല. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു സിവിലിയനും മരിച്ചതായി ദക്ഷിണ വിഭാഗം ഡി.ഐ.ജി ഇർഫാൻ ബലോച്ച് പറഞ്ഞു. നാലു പൊലീസുകാർക്ക് പരിക്കേറ്റിട്ടുമുണ്ട്.
നിരവധി സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് നിരവധി പൊലീസ് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ മാസം പെഷാവർ നഗരത്തിലെ പള്ളിയിൽ ചാവേർ ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പെടെ 100ലധികം പേർ കൊല്ലപ്പെട്ടിരുന്നു. നവംബറിൽ പാക് താലിബാൻ വെടിനിർത്തൽ കരാർ അവസാനിപ്പിച്ചശേഷം നിരവധി ആക്രമണമാണ് രാജ്യത്തുണ്ടായത്.