‘എം.എൽ.എയുടെ റോപ്പ് കട്ട കള്ളന് നന്ദി; മലപ്പുറം എസ്.പിയെക്കുറിച്ച് ഞങ്ങൾ പറഞ്ഞതെല്ലാം സത്യമെന്ന് വ്യക്തമായി’- പി.കെ നവാസ്

MLA's

മലപ്പുറം: പി.വി അൻവർ എം.എൽ.എയും മലപ്പുറം എസ്.പി എസ്. ശശിധരനും തമ്മിലുള്ള പോര് കനക്കുന്നതിനിടെ ഉദ്യോ​ഗസ്ഥനെതിരെ തങ്ങൾ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോൾ സത്യമെന്ന് തെളിഞ്ഞതായി എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസ്. എ.എസ്.ഐ ശ്രീകുമാറിൻ്റെ മരണത്തിൽ പങ്ക്, ആത്മഹത്യാക്കുറിപ്പ് അടങ്ങിയ ഡയറി നശിപ്പിച്ചു, താനൂർ കസ്റ്റഡികൊലയിൽ പങ്ക്, താനൂർ ബോട്ടപകടം അട്ടിമറിക്കാൻ നേതൃത്വം നൽകി, മലപ്പുറത്ത് ആസൂത്രിതമായി കേസുകൾ കെട്ടിച്ചമച്ച് ക്രിമിനൽ ജില്ലയാക്കാൻ ശ്രമിക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങൾ മാസങ്ങൾക്ക് മുൻപ് തങ്ങളുന്നയിച്ചിരുന്നു. അന്നത് രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ ഭരണപക്ഷവും അവരുടെ എം.എൽ.എമാരും ഇപ്പോൾ സ്വന്തം പോസ്റ്റിൽ ഗോളടിച്ച് പക വീട്ടുകയാണെന്ന് നവാസ് ചൂണ്ടിക്കാട്ടി. ഫേസ്​ബുക്ക് കുറിപ്പിലൂടെയാണ് പി.കെ നവാസിന്റെ പ്രതികരണം.MLA’s

‘കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പ ചുമത്തി നാടുകടത്തുന്ന ജില്ലയായി മലപ്പുറത്തെ മാറ്റുന്നു, കോട്ടക്കൽ സ്റ്റേഷനിൽ പുതിയ കെട്ടിടനിർമാണത്തിന്റെ ഭാഗമായി അനധികൃതമായി പണം പിരിച്ച് പോക്കറ്റിലാക്കി, മലപ്പുറം എം.എസ്.പി സ്കൂളിലെ അധ്യാപക നിയമനത്തിൽ വൻ തുക കോഴ വാങ്ങി, എസ്.പിയുടെ ക്യാമ്പ് ഓഫീസിനകത്തു നിന്ന് മരങ്ങൾ മുറിച്ച് സ്വന്തമായി ഫർണിച്ചർ ഉണ്ടാക്കുകയും പുറത്തേക്ക് വിൽക്കാൻ നേതൃത്വം നൽകുകയും ചെയ്തു, ജില്ലയിൽ കൃത്രിമമായി കഞ്ചാവ് കേസുകൾ ഉണ്ടാക്കുന്നു, എറണാകുളം റൂറൽ എ.എസ്.പി ‌‌‌ആയിരുന്ന സമയത്ത് ഇത്തരം കള്ളക്കേസുണ്ടാക്കി ആറ് ചെറുപ്പക്കാരുടെ ജീവിതം തകർത്ത കേസ് വർഷങ്ങളായി അധികാരം ഉപയോഗിച്ച് ഫ്രീസ് ചെയ്തിരിക്കുന്നു, മോൻസൺ മാവുങ്കലെന്ന ഭൂലോക ഫ്രോഡുമായി അടുത്ത ബന്ധം, വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു, ഇതിനെല്ലാം പിന്നിൽ സി.പി.എം ജില്ലാ കമ്മറ്റിയംഗമായ അനിൽ ആണ്, എല്ലാ കച്ചവടത്തിൻ്റേയും ഒരു ഓഹരി പറ്റിയത് അനിലാണ്’- എന്നുള്ള ആരോപണങ്ങളും തങ്ങളുന്നയിച്ചിരുന്നതായി പി.കെ നവാസ് പറയുന്നു.

‘ഭരണപക്ഷ എം.എൽ.എ ആയ തന്റെ അമ്യൂസ്മെൻ്റ് പാർക്കിൽ നിന്ന് 60 ലക്ഷത്തിൻ്റെ റോപ്പ് കാണാതായിട്ട് ഞാൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തി അത് കണ്ടെത്തിത്തന്നില്ല’- എന്നതാണ് അൻവർ എം.എൽ.എയുടെ ഈ പോരാട്ടത്തിന് കാരണം. എന്തായാലും, അൻവർ എം.എൽ.എയുടെ റോപ്പ് കട്ട കള്ളന് നന്ദി. പിണറായി വിജയന്റെ ഒരു ഫോൺകോളിൽ എല്ലാത്തിനും ശുഭവസാനമാകുമെന്നറിയാം. കാരണം അന്ന് മുതലേ എസ്.പിയുടെ അങ്കിൾ ബന്ധത്തെ പറ്റി തങ്ങൾ പറയുന്നുണ്ട്’.

ഉന്നത പൊലീസ് മേധാവിക്കെതിരായ കൊലപാതകം മുതൽ കട്ടെടുക്കൽ വരെയുള്ള ആരോപണങ്ങളും തെളിവുകളുമുള്ള സ്ഥിതിക്ക് അദ്ദേഹത്തിനും, ഇതിൽ പങ്കുള്ള ഇപ്പോഴും ജില്ലക്കകത്ത് ജോലി ചെയ്യുന്ന ഡിവൈ.എസ്.പിമാർ, ഈ കേസുകൾ അട്ടിമറിക്കാൻ കൂട്ടുനിന്ന എസ്.ഐമാർ, സി.ഐമാർ എന്നിവരെയും ചേർത്ത് അന്വേഷണത്തിന് തയാറാവണം. അന്വേഷണ സംഘത്തിനു മുന്നിൽ ആവശ്യമുള്ള തെളിവുകൾ നൽകാൻ തയാറാണെന്നും പി.കെ നവാസ് കൂട്ടിച്ചർത്തു.

പി.കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അൻവർ എം.എൽ.എ യുടെ 60 ലക്ഷത്തിന്റെ റോപ്പ് കട്ട കള്ളന്മാർക്ക് നന്ദി..!

മലപ്പുറം Sp യെ കുറിച്ച് മാസങ്ങൾക്ക് മുൻപ് ചില ആരോപണങ്ങൾ ഞങ്ങൾ ഉന്നയിച്ചിരുന്നു.

> ASI ശ്രീകുമാറിൻ്റെ മരണത്തിൽ പങ്കുണ്ട്.

>ആത്മഹത്യ കുറിപ്പ് അടങ്ങിയ ഡയറി നശിപ്പിച്ചു.

>താനൂർ കസ്റ്റഡി കൊലപാതകത്തിൽ പങ്ക്.

>താനൂർ ബോട്ടപകടം അട്ടിമറിക്കാൻ നേതൃത്വം നൽകി.

>മലപ്പുറത്ത് ആസൂത്രിതമായി കേസുകൾ കെട്ടിച്ചമച്ച് ക്രിമിനൽ ജില്ലയാക്കാൻ ശ്രമിക്കുന്നു.

>കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പ ചുമത്തി നാടുകടത്തുന്ന ജില്ലയായി മലപ്പുറത്തെ മാറ്റുന്നു

>കോട്ടക്കൽ സ്റ്റേഷനിൽ പുതിയ കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി അനധികൃത പണം പിരിക്കുകയും പോക്കറ്റിലാക്കുകയും ചെയ്തിട്ടുണ്ട്.

>കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഭാര്യയുടെ പ്രസവം കഴിഞ് നാട്ടിലേക്ക് കുട്ടിയേയും അമ്മയെയും കൊണ്ടു പോകുന്ന വഴിക്ക് മലപ്പുറം ജില്ലയിലെ എല്ലാ അങ്ങാടിയിലും പോലീസിന് നിർത്തി വിഐപി പരിഗണന കൊടുക്കുന്ന അല്പത്തരവും ഇദ്ദേഹം കാണിച്ചു.

>മലപ്പുറം എം എസ് പി സ്കൂളിലെ അധ്യാപക നിയമനത്തിൽ വൻ തുക കോഴ വാങ്ങി.

>എസ് പിയുടെ ക്യാമ്പ് ഓഫീസിനകത്ത് നിന്ന് മരങ്ങൾ മുറിച്ച് സ്വന്തമായി ഫർണിച്ചർ ഉണ്ടാക്കുകയും, പുറത്തേക്ക് വിൽക്കാൻ നേതൃത്വം നൽകുകയും ചെയ്തു.

>ജില്ലയിൽ കൃത്രിമമായി കഞ്ചാവ് കേസുകൾ ഉണ്ടാക്കുന്നു, എറണാകുളം റൂറൽ asp ആയ സമയത്ത് ഇത്തരം കള്ള കേസുണ്ടാക്കി 6 ചെറുപ്പക്കാരുടെ ജീവിതം തകർത്ത കേസിൽവർഷങ്ങളായി അധികാരം ഉപയോഗിച്ച് ഇദ്ദേഹം ഫ്രീസ് ചെയ്തിരിക്കുകയാണ്.

> മൊൺസൻ മാവുങ്ങലെന്ന ഭൂലോക ഫ്രോഡുമായി അടുത്ത ബന്ധം, വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു.

>ഇതിനെല്ലാം പിറകിൽ CPIM ജില്ലാ കമ്മറ്റി അംഗമായ അനിൽ ആണ് ,എല്ലാ കച്ചവടത്തിൻ്റെയും ഒരു ഓഹരി പറ്റിയത് അനിലാണ്

ഇങനെ ഗുരുതരമായ ആരോപണം ഞങ്ങൾ ഉന്നയിച്ചപ്പോൾ, രാഷ്ട്രീയ പ്രേരിതമെന്ന് പറഞ ഭരണപക്ഷവും ഭരണപക്ഷ എം.എൽ.എ മാരും ഇപ്പൊ സ്വന്തം പോസ്റ്റിൽ ഗോളടിച്ച് പക വീട്ടുകയാണ്.

അൻവർ എം.എൽ.എ യുടെ ഈ പോരാട്ടത്തിന് കാരണം ഒന്നേ ഒന്ന് മാത്രം “ഭരണപക്ഷ എം.എൽ.എ ആയ എന്റെ അമ്യൂസ്മെൻ്റ് പാർക്കിൽ നിന്ന് 60 ലക്ഷത്തിൻ്റെ റോപ്പ് കാണാതായിട്ട് ഞാൻ നൽകിയ പരാതിയിൽ അന്വോഷണം നടത്തി എന്റെ റോപ്പ് കണ്ടെത്തി തന്നില്ല. അൻവർ എം.എൽ.എ യുടെ റോപ്പ് കട്ട കള്ളന് നന്ദി.

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു വർഷം മുൻപ് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണെന്ന് ഈ ചക്കളത്തിൽ പോരിൽ പുറത്ത് വന്നതിൽ സന്തോഷം.

പിണറായി വിജയന്റെ ഒരു ഫോൺകോളിൽ എല്ലാത്തിനും ശുഭവസാനമാകുമെന്നറിയാം. കാരണം അന്ന് മുതലേ sp യുടെ അങ്കിൾ ബന്ധത്തെ പറ്റി ഞങൾ പറയുന്നുണ്ട്.

എങ്കിലും പറയാം ഉന്നത പോലീസ് മേധാവിക്കെതിരെയുള്ള കൊലപാതകം മുതൽ കട്ടെടുക്കൽ വരെയുള്ള ആരോപണങ്ങളും തെളിവുകളും ഉള്ള സ്ഥിതിക്ക് അദ്ദേഹത്തിനും ഇതിൽ പങ്കുള്ള ഇപ്പോഴും ജില്ലക്കകത്ത് ജോലി ചെയ്യുന്ന dysp മാർ ഈ കേസുകൾ അട്ടിമറിക്കാൻ കൂട്ട് നിന്ന SI,CI മാർ എന്നിവരെയും ചേർത്ത് അന്വോഷണത്തിന് തയ്യാറാകണം.

അന്വേഷണ സംഘത്തിൻ്റെ മുന്നിൽ ആവശ്യമുള്ള തെളിവുകൾ നൽകാൻ തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *