ഓട്ടോക്കാരനോട് പറഞ്ഞത് കേടായ പന്നിയിറച്ചിയെന്ന്, പായ തുറന്നപ്പോൾ കണ്ടത് മൃതദേഹം; മൂലമറ്റത്ത് 6 പേർ കസ്റ്റഡിയിൽ

The auto driver was told that it was spoiled pork, but when he opened the mat, he saw the dead body; 6 people in Moolamatt custody

മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആറ് പേരെ കൂടി കാഞ്ഞാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  നേരത്തെ  മൂലമറ്റം സ്വദേശി ഷാരാണിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി ക്രിമിനുകൾ കേസുകളിൽ പ്രതിയായ കോട്ടയം മേലുകാവ് സ്വദേശി സാജൻ സാമുവലാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. വാഗമണ്‍ സംസ്ഥാനപാതയോരത്തെ തേക്കിന്‍കൂപ്പിന് സമീപം ടെയില്‍ റെയ്‌സ് കനാലിനോട് ചേര്‍ന്ന് ചെറുകാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

സാജൻ സാമുവലിനെ എട്ടംഗ സംഘം ചേർന്നാണ് വക വരുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സാജന്‍ സാമുവലും ഷാരോണും സുഹൃത്തുക്കളാണ്. പലപ്പോഴും ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കാറുണ്ട്. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേയ്ക്ക് നയിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ആളുകളെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊല്ലപ്പെട്ട സാജന്റെ കഴുത്തിലും തലയിലും ഗുരുതര മുറിവുകളുണ്ട്. ഇടതു കൈ വെട്ടിയെടുത്ത നിലയിലായിരുന്നു. പ്രതികളായ കൂടുതൽ ആളുകളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.

കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയത് ഓട്ടോറിക്ഷയിലാണ്. കേടായ പന്നിമാംസം എന്ന് പറഞ്ഞാണ് മേലുകാവ് എരുമപ്രയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മൂലമറ്റത്തെ തേക്കിൻ കൂപ്പിൽ എത്തിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർക്ക് തോന്നിയ സംശയം പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. ജനുവരി 29 മുതലാണ് സാജൻ സാമുവലിനെ കാണാതായത്. ഞായറാഴ്ചയാണ് മൂലമറ്റം കെഎസ്ഇബി കോളനിക്ക് സമീപം തേക്കിൻ കുപ്പിലെ കുറ്റിക്കാട്ടിൽ നിന്ന് പായയിൽ പൊതിഞ്ഞ നിലയിൽ സാജന്റെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സാജന്‍ സാമുവല്‍. 2018 മേയില്‍ കോതമംഗലത്തെ  ബാറില്‍ ഉണ്ടായ അടിപിടിയ്‌ക്കൊടുവില്‍  വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോയെ(27) കൊലപ്പെടുത്തിയ  കേസില്‍ ഇയാള്‍  പ്രതിയാണ്. 2022 ഫെബ്രുവരിയില്‍ മുട്ടം ബാറിനു സമീപം കാര്‍  പാര്‍ക്ക് ചെയ്ത്  ഗതാഗത തടസമുണ്ടാക്കിയ സാജനോട് വാഹനം മാറ്റിയിടാന്‍ പറഞ്ഞ  നാട്ടുകാരെ കാറോടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയും തോക്കെടുത്ത് വെടി വയ്ക്കുകയും ചെയ്തു. അന്ന് കേസില്‍ പരാതിക്കാരില്ലാത്തതിനാല്‍ ഇയാള്‍ രക്ഷപെടുകയായിരുന്നു.  2022 ഓഗസ്റ്റില്‍ മോലുകാവ് പോലീസ്  കാപ്പ  ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *