സുവാരസ് കടിച്ചുണ്ടാക്കിയ ചീത്തപ്പേര്
മൊന്റവീഡിയോയിലെ വിശ്വപ്രസിദ്ധമായ സെന്റനാരിയോ സ്‌റ്റേഡിയത്തിൽ യുറുഗ്വായ് പരാഗ്വെ ലോകകപ്പ് യോഗ്യതാ മത്സരം അരങ്ങേറുകയാണ്. നിറഞ്ഞു കവിഞ്ഞ ഗാലറിയെ നോക്കി ലൂയിസ് സുവാരസ് ഒരു നെടുവീർപ്പുതിർത്തു. തന്റെ രാജ്യത്തിനൊപ്പം ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട അയാളുടെ ഫുട്‌ബോൾ കരിയറിന് ഇന്ന് തിരശീല വീഴുകയാണ്. സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനിൽ ലയണൽ മെസ്സി പ്രത്യക്ഷപ്പെട്ടു.Suarez
”ഹലോ ഫാറ്റി.. അവിസ്മരണീയമായ ഈ ദിവസത്തിൽ നിങ്ങൾക്ക് മുന്നിൽ ഇങ്ങനെ പ്രത്യക്ഷപ്പെടാനായതിൽ എനിക്കേറെ സന്തോഷമുണ്ട്. നിങ്ങൾക്കൊപ്പം പന്ത് തട്ടാനായത് എന്റെ ജീവിതത്തിലെ ഭാഗ്യങ്ങളിലൊന്നായാണ് ഞാൻ കരുതുന്നത്. ദേശീയ ജഴ്‌സി അഴിക്കുന്നത് എത്ര കഠിനമായ തീരുമാനമാണെന്ന് എനിക്കറിയാം. ഐതിഹാസികമായൊരു കരിയറിനെ വരും തലമുറകൾക്ക് മുന്നിൽ ഉപേക്ഷിച്ചാണ് നിങ്ങൾ പടിയിറങ്ങുന്നത്. നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു” ലിയോ ഇത് പറഞ്ഞവസാനിപ്പിക്കുമ്പോൾ ലൂയിസ് സുവാരസിന്റെ കണ്ണു നിറഞ്ഞു. സ്‌ക്രീനിൽ പിന്നീട് നെയ്മർ അടക്കം ഇതിഹാസങ്ങൾ പലരും കടന്നു വന്നു. ഡീഗോ ഫോർലാനും ഡീഗോ ഗോഡിനുമടക്കം സുവാരസിന്റെ സമകാലികരായ ഫുട്‌ബോൾ ഇതിഹാസങ്ങളൊക്കെ ഈ കാഴ്ചകൾ കണ്ട് ഗാലറിയിലുണ്ടായിരുന്നു.
2007 ൽ യുറുഗ്വൻ ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച ലൂയിസ് സുവാരസ് നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് ദേശീയ കുപ്പായമഴിക്കുന്നത്. യുറുഗ്വായുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ സുവാരസ് 142 മത്സരങ്ങളിൽ നിന്ന് 69 തവണയാണ് രാജ്യത്തിനായി വലകുലുക്കിയത്. 2011 ൽ കോപ്പ അമേരിക്ക കിരീടം ചൂടിയ യുറുഗ്വായുടെ പടയോട്ടങ്ങളെ മുന്നിൽ നിന്ന് നയിച്ചത് സുവാരസാണ്. സെമിയിൽ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് യുറുഗ്വായ് തകർക്കുമ്പോൾ ആ രണ്ട് ഗോളും പിറന്നത് സുവാരസിന്റെ ബൂട്ടിൽ നിന്നായിരുന്നു. കലാശപ്പോരിൽ പരാഗ്വയെ യുറുഗ്വൈ മൂന്ന് ഗോളിന് കശക്കിയെറിയുമ്പോഴും സുവാരസിന്റെ ബൂട്ട് നിറയൊഴിച്ചു. അന്ന് ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സുവാരസാണ്. നാല് ഗോളുകളാണ് ടൂർണമെന്റിലുടനീളം സുവാരസ് സ്‌കോർ ചെയ്തത്.
യുറുഗ്വൻ ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണെങ്കിലും ലോക ഫുട്‌ബോളിൽ സുവാരസ് എക്കാലവും ഓർമിക്കപ്പെട്ടത് കുറേ വിവാദ സംഭവങ്ങളുടെ പേരിലാണ്. ലോകകപ്പ് വേദികളിലടക്കം വിവാദ നായകനായി മാറിയ സുവാരസിന്റെ കരിയർ കുപ്രസിദ്ധികൾക്ക് പേര് കേട്ടതാണ്.
‘കാനിബൽ ഓഫ് അയാക്‌സ്. അയാക്‌സിന്റെ നരഭോജി’. 2010 നവംബർ 21 ന് ഡച്ച് ദിനപത്രമായ ടെലഗ്രാഫ് അച്ചടിച്ച് വന്നത് ലൂയിസ് സുവാരസിന്റെ ചിത്രത്തിനൊപ്പം ഇങ്ങനെയൊരു തലവാചകത്തോടെയാണ്. ഡച്ച് ലീഗിൽ അയാക്‌സ് പി.എസ്.വി മത്സരം ചൂടുപിടിക്കുകയാണ്. കളിക്കിടെ മൈതാനത്ത് വച്ച് താരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. പെട്ടെന്നാണ് പി.എസ്.വി താരം താരം ഒട്മാൻ ബാക്കൽ തന്റെ കഴുത്തിന് താഴെ അസ്വാഭാവികമായി തടവുന്നത് ആരാധകർ കണ്ടത്. ക്യാമറകൾ ഇത് ഒപ്പിയെടുത്തു. മത്സരത്തിന് ശേഷം സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നു. ഫുട്‌ബോൾ ലോകത്ത് വലിയ കോളിളക്കങ്ങളാണ് ആ ദൃശ്യങ്ങൾ സൃഷ്ടിച്ചത്. കളിയിൽ അയാക്‌സ് താരം സുവാരസ് ഒട്മാൻ ബാക്കലിനെ കടിക്കുന്നതായിരുന്നു ദൃശ്യങ്ങൾ. ആ സംഭവത്തിന് ശേഷം ഡച്ച് ലീഗ് സുവാരസിന് ഏഴ് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. സംഭവത്തിൽ പിന്നീട് സുവാരസ് പരസ്യമായി മാപ്പ് പറഞ്ഞു. ഡച്ച് മാധ്യമങ്ങള്‍ കടുത്ത ഭാഷയിലാണ് സുവാരസിനെ അന്ന് വിമര്‍ശിച്ചത്.
എന്നാൽ സുവാരസ് അത് കൊണ്ടൊന്നും അടങ്ങിയില്ല. 2013 ൽ വീണ്ടും കടിയൻ ലൂയിസ് വാർത്തകളിൽ നിറഞ്ഞു. ഇക്കുറി ചെൽസി താരം ബ്രാനിസ്ലാവ് ഇവാനോവിച്ചായിരുന്നു സുവാരസിന്റെ ഇര. എപ്രിൽ 21 ന് അരങ്ങേറിയ ലിവർപൂൾ ചെൽസി പോരിൽ പന്തുമായി ഗോൾമുഖത്തേക്ക് കുതിച്ച സുവാരസിനെ ഇവാനോവിച്ച് ഡിഫന്റ് ചെയ്യുന്നു. ഇതിൽ പ്രകോപിതനായ യുറുഗ്വൻ താരം ഇവാനോവിച്ചിന്റെ കയ്യിൽ പല്ലമർത്തി. സുവാരസിന്റെ കടിയിൽ വേദന കൊണ്ട് പുളഞ്ഞ ഇവാനോവിച്ച് മൈതാനത്ത് വീണു. കളിക്കിടെ സംഭവത്തിന്റെ ഗൗരവം മനസിലാവാതിരുന്ന മാച്ച് ഒഫീഷ്യലുകൾ സുവാരസിനെതിരെ നടപടിക്ക് മുതിർന്നില്ല. എന്നാൽ കളിക്ക് ശേഷം പുറത്ത് വന്ന ദൃശ്യങ്ങൾ ഏറെ ഞെട്ടിക്കുന്നതായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷനെ നേരിട്ട് വിളിച്ചാണ് സുവാരസിനതിരെ നടപടി ആവശ്യപ്പെട്ടത്. സുവാരസിന് 10 മത്സരങ്ങളിൽ പിന്നീട് വിലക്കേർപ്പെടുത്തപ്പെട്ടു. വലിയൊരു തുക താരത്തിന് പിഴയൊടുക്കേണ്ടിയും വന്നു.
ഈ സംഭവങ്ങളിൽ നിന്നൊന്നും പാഠമുൾക്കൊള്ളാൻ സുവാരസ് ഒരുക്കമായിരുന്നില്ല. 2014 ൽ വീണ്ടും സുവാരസിന്റെ പല്ലുകൾ ഫുട്‌ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയമായി. അതും ലോകകപ്പ് പോലൊരു വലിയ വേദിയിൽ. ജൂൺ 24 ന് അരങ്ങേറിയ യുറുഗ്വെ- ഇറ്റലി ഗ്രൂപ്പ് മത്സരത്തിനിടെ ഇറ്റാലിയൻ ഇതിഹാസം ജോർജിയോ ചെല്ലീനിയെയാണ് സുവാരസ് കടിച്ചത്. എന്നാൽ മത്സരത്തിൽ സുവാരസിനെതിരെ മെക്‌സിക്കൻ റഫറി അന്റോണിയോ റോഡ്രിഗ്വസ് ഒരു നടപടിയുമെടുത്തില്ല. ഇറ്റാലിയൻ താരങ്ങൾ മൈതാനത്ത് വച്ച് റഫറിക്കെതിരെ പ്രതിഷേധിക്കുന്നത് കാണാമായിരുന്നു. കളിയിൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച യുറുഗ്വെ അസൂറിപ്പടയെ നാട്ടിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ ലോകകപ്പ് വേദിയിലെ സുവാരസിന്റെ കടി ഫുട്‌ബോൾ ലോകത്തെ ചൂടേറിയ വാർത്തകളിൽ ഒന്നായി. രണ്ട് ദിവസത്തിന് ശേഷം ഫിഫ ഡിസിപ്ലിനറി കമ്മറ്റി യുറുഗ്വൻ താരത്തിനെതിരെ കടുത്ത നടപടിയെടുത്തു. ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് ഫിഫ താരത്തെ വിലക്കിയത്. ഇതോടെ ലോകകപ്പ് ടീമിൽ നിന്ന് സുവാരസ് പുറത്തായി.വിലക്കിനെ തുടർന്ന് 2015 കോപ്പ അമേരിക്ക ടൂർണമെന്റിലും താരത്തിന് യുറുഗ്വൻ ജഴ്‌സിയണിയാനായില്ല.
വംശീയാധിക്ഷേപത്തിന്‍റെ പേരിലും സുവാരസ് മൈതാനത്ത് ഒരിക്കല്‍ വിവാദ നായകനായിരുന്നു. 2011ൽ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന ലീഗ് മത്സരത്തിൽ യുണൈറ്റഡ് താരം പാട്രിക് എവ്‌റക്കെതിരെ സുവാരസ് വംശീയാധിക്ഷേപം നടത്തിയതായി തെളിഞ്ഞു. അതിനെ തുടർന്ന് സുവാരസിന് 90,000 ഡോളർ പിഴയും എട്ട് മത്സരങ്ങളിൽ വിലക്കും ഏർപ്പെടുത്തി. എന്നാൽ പിന്നീട് നടന്ന മത്സരങ്ങളിലും സുവാരസ് -പാട്രിക് എവ്‌റ പോര് തുടർക്കഥയായി. വിലക്ക് കഴിഞ്ഞ് തിരിച്ചു വന്നതിന് ശേഷം ആദ്യ മത്സരത്തിൽ കളിക്കാർക്ക് കൈ കൊടുത്തു കൊണ്ടിരിക്കെ സുവാരസ് എവ്‌റക്ക് കൈകൊടുക്കാൻ വിസമ്മതിച്ചു. ഫുട്‌ബോൾ ലോകത്തിന് ഒന്നടങ്കം നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന് എവ്‌റ കളിക്കളത്തിൽ വച്ച് തന്നെ മറുപടി നൽകി.
2010 ലോകകപ്പ് ക്വാർട്ടറിൽ ഘാനയുടെ വഴിമുടക്കിയ സുവാരസിന്റെ ഹാൻഡ് ബോളും ഫുട്‌ബോൾ ലോകത്ത് വിശ്വവിഖ്യാതമാണ്. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ സ്റ്റീഫൻ അപ്പിയ യുറുഗ്വൻ ഗോൾവലയിലേക്ക് തൊടുത്ത ഷോട്ട് കൈകൊണ്ടാണ് സുവാരസ് തട്ടിയകറ്റിയത്. ഇതിനെ തുടർന്ന് യുറുഗ്വൻ താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എന്നാൽ അസമോവ ഗ്യാൻ പെനാൽട്ടി പാഴാക്കിയതോടെ സുവാരസ് യുറുഗ്വയുടെ രക്ഷകനായി. പെനാൽട്ടി ഷൂട്ടൗട്ടിൽ ഘാനയെ 4-2 ന് തകർത്ത് യുറുഗ്വെ സെമിയിൽ പ്രവേശിച്ചു. ഘാനയില്‍ സുവാരസ് പിന്നീട് ദ ഡെവിള്‍ എന്ന പേരിലാണ് അറിയപ്പെട്ടത്