അണ്ഡവും ബീജ​വും ദാനം ചെയ്തവർക്ക് കുട്ടികളിൽ നിയമപരമായ അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി

children

മുംബൈ: വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിൽ അണ്ഡവും ബീജ​വും ദാനം ചെയ്തവർക്ക് നിയമപരമായ അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര സ്വദേശിനിയുടെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.children

സഹോദരിയുടെ അണ്ഡം സ്വീകരിക്കുകയും വാടക ഗർഭധാരണത്തിലൂടെ യുവതിക്ക് ഇരട്ടകുട്ടികൾ ജനിച്ചിരുന്നു. ദാമ്പത്യത്തിലുണ്ടായ പ്രശ്നങ്ങൾ മൂലം ഭർത്താവും കുട്ടികളും അണ്ഡദാതാവായ ഇളയ സഹോദരിക്കൊപ്പമാണ് നിലവിൽ താമസിക്കുന്നത്. അതിന് പിന്നാലെ കുട്ടികളെ സന്ദർശിക്കാനുള്ള അവകാശങ്ങളും നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്.

ഇരട്ടക്കുട്ടികളുടെ ജീവശാസ്ത്രപരമായ രക്ഷിതാവാകാൻ അണ്ഡദാതാവായ ഭാര്യ സഹോദരിക്ക് അവകാശമുണ്ടെന്നും കുട്ടികളുടെ മേൽ ഭാര്യക്ക് അത്തരം അവകാശമില്ലെന്നുമായിരുന്നു ഭർത്താവിന്റെ വാദം.​ എന്നാൽ, ഈ വാദം ജസ്റ്റിസ് മിലിന്ദ് ജാദവിൻ്റെ സിംഗിൾ ബെഞ്ച് തള്ളി. ഹരജിക്കാരിയുടെ സഹോദരി അണ്ഡദാതാവാണെങ്കിലും കുട്ടികളുടെ ജൈവിക രക്ഷിതാവാണെന്ന് അവകാശപ്പെടാൻ അവർക്ക് നിയമപരമായി കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സഹോദരി ഒരു അണ്ഡദാതാവ് മാത്രമാണെന്നും അതിലപ്പുറം കുട്ടികളിൽ ഒരു അവകാശത്തിനും അവർക്ക് നിയമസാധുതയില്ലെന്ന് കോടതി പറഞ്ഞു.

ബീജ ദാതാവ്, അണ്ഡദാതാവ്, വാടകക്ക് ഗർഭപാത്രം നൽകുന്നവർ എന്നിവർക്ക് കുട്ടികളിൽ യാതൊരു രക്ഷാകർതൃ അവകാശങ്ങളും ഇല്ലെന്നാണ് വ്യവസ്ഥ. അതനുസരിച്ച് ഇരട്ടകുട്ടികളിൽ ഹരജിക്കാരിക്കും ​ഭർത്താവിനും മാത്രാണ് രക്ഷാകർതൃ അവകാശമുള്ളു. അണ്ഡദാതാവായ സഹോദരിക്ക് യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ദമ്പതികൾക്ക് സ്വാഭാവികമായി ഗർഭം ധരിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഹരജിക്കാരിയുടെ സഹോദരി അണ്ഡം ദാനം ചെയ്യാൻ സന്നദ്ധയായത്.2018 ഡിസംബറിൽ, ഒരു വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ ഗർഭം ധരിച്ചു. 2019 ഓഗസ്റ്റിൽ ഇരട്ടപെൺകുട്ടികൾ ജനിച്ചു.

2021 മാർച്ചിൽ പരാതിക്കാരിയുടെയും ഭർത്താവിന്റെയും ദാമ്പത്യബന്ധം വഷളായി. തുടർന്ന് ഭർത്താവ് കുട്ടികളുമായി മറ്റൊരു ഫ്ലാറ്റിലേക്ക് താമസം മാറി. ഇരട്ടകുട്ടികളെ​ പരിപാലിക്കുന്നതിനായി അണ്ഡ ദാതാവും ഭാര്യസഹോദരിയുമായ യുവതി ഇവർക്കൊപ്പം താമസിക്കാൻ തുടങ്ങി. എന്നാൽ പരാതിക്കാരി കുട്ടികളെ സന്ദർശിക്കാനെത്തിയപ്പോൾ അനുവദിച്ചില്ല. തുടർന്നാണ് പൊലീസിലും പിന്നീട് ജില്ലാകോടതിയിലും പരാതി നൽകിയത്.

2023 സെപ്റ്റംബറിൽ കോടതി ഹരജി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹോദരി അണ്ഡം മാത്രമാണ് ദാനം ചെയ്തത്. വാടക ഗർഭപാത്രം മറ്റൊരുസ്ത്രീയാണ്. അതിനാൽ ഇരട്ടക്കുട്ടികളിൽ സഹോദരിക്ക് നിയമപരമായ അവകാശമോ പങ്കോ ഇല്ലെന്നായിരുന്നു അമ്മയുടെ വാദം. മാതാപിതാക്കളും വാടക അമ്മയും ഡോക്ടറും തമ്മിലുള്ള 2018 ലെ വാടക ഗർഭധാരണ കരാറിൽ ഹരജിക്കാരിയും ഭർത്താവും ഡോക്ടറുമാണ് ഒപ്പിട്ടിരിക്കുന്നതെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഹരജിക്കാരിയെയും (ഭാര്യ),ഒന്നാം പ്രതിയെയും (ഭർത്താവ്) മാതാപിതാക്കളായി അംഗീകരിക്കപ്പെട്ടതായി മനസിലാക്കാമെന്നും കോടതി പറഞ്ഞു. പരാതിക്കാരിക്ക് കുട്ടികളെ സന്ദർശിക്കാനുള്ള അവകാശം നിഷേധിച്ച ​കീഴ​്ക്കോടതി ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി പറഞ്ഞു. എല്ലാ വാരാന്ത്യത്തിലും ഹരജിക്കാരിക്ക് മൂന്ന് മണിക്കൂർ ഇരട്ടക്കുട്ടികളെ സന്ദർശിക്കാനുള്ള അവകാശം നൽകണമെന്നും കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *