‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’; ബാബരിയുടെ പേര് പരാമർശിക്കാതെ എൻസിഇആർടി പാഠപുസ്‌തകം

 

ന്യൂഡൽഹി: ബാബരി മസ്ജിദിന്റെ പേര് പരാമർശിക്കാതെ എൻസിഇആർടി പാഠപുസ്തകം. പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകത്തിലാണ് ബാബരിയുടെ പേര് ഒഴിവാക്കിയത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നതിന് പകരം “മൂന്ന് മിനാരങ്ങളുള്ള കെട്ടിടം” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

 

ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പത്ര വാർത്തകളും ഒഴിവാക്കി. രാമജന്മഭൂമിയിൽ നിർമിച്ച മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണ് പുതിയ പുസ്തകത്തിലുള്ളത്. കൂടാതെ കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാൻ സാധിച്ചിരുന്നുവെന്നും ചേർത്തിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു പഴയ പാഠഭാഗം.

 

ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന് എതിരായ സുപ്രിംകോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. സുപ്രിംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എൻസിആർടി അറിയിച്ചു.

 

കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകൾ പുസ്തകത്തിലുണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചു.

 

ഗുജറാത്തിലെ സോമനാഥിൽനിന്ന് അയോധ്യ വരെയുള്ള ബി.ജെ.പി രഥയാത്ര, കർസേവകരുടെ പങ്ക്, ബാബരി മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ വർഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യയിലുണ്ടായ സംഭവങ്ങളുടെ പേരിൽ ബി.ജെ.പി നടത്തിയ ഖേദപ്രകടനം എന്നിവയെല്ലാം പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *