കെ ഫോൺ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചിലർ സ്വപ്‌നം മാത്രമെന്ന് കരുതിയ കാര്യമാണ് യാഥാർഥ്യമായത്. എന്താണോ ജനങ്ങൾക്ക് വാഗ്ദാനമായി നൽകുന്നത് അത് സർക്കാർ ചെയ്യും. 2105 വീടുകൾക്ക് ഇപ്പോൾ കണക്ഷൻ നൽകി. 17,412 സർക്കാർ ഓഫീസുകളിലും കണക്ഷൻ നൽകി. സർക്കാരിന്റെ ജനകീയ ബദലാണ് കെ ഫോൺ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ആരും ഒറ്റപ്പെട്ടുപോകുന്നില്ല. എല്ലാവരും റിയൽ കേരള സ്‌റ്റോറിയുടെ ഭാഗമാകുന്നു. ടെലികോം മേഖലയിലെ കോർപ്പറേറ്റുകളുടെ ചൂഷണത്തിൽനിന്ന് ജനങ്ങളെ മാറ്റിനിർത്തണം. അതിനുവേണ്ടിയാണ് കെ ഫോൺ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ പദ്ധതിക്കെതിരെ നിരവധി ചോദ്യങ്ങൾ ഉയർന്നു. പൊതുമേഖലയിൽ ഒന്നും വേണ്ടെന്ന് ചിലർ കരുതി. അവർക്ക് കേരളത്തിന്റെ ബദൽ മനസിലാകില്ല. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ആശയം മലർപൊടിക്കാരന്റെ സ്വപ്നം എന്നൊക്കെ പറഞ്ഞു. എന്തിനാണ് എല്ലാർക്കും ഇന്റർനെറ്റ്? എല്ലാവരുടെയും കയ്യിൽ സ്മാർട്ട് ഫോൺ ഇല്ലേ ? ഇങ്ങനുള്ള ചോദ്യങ്ങൾ ചിലർ ആദ്യം ചോദിച്ചു. കണക്കുകൾ പരിശോധിച്ചാൽ ഡിജിറ്റൽ ഡിവൈഡ് കാണാനാകും. രാജ്യത്ത് 50 ശതമാനത്തിൽ താഴെ ആളുകൾക്കാണ് ഇന്റർനെറ്റ് സേവനം ലഭിക്കുന്നത്. 33 ശതമാനം സ്ത്രീകൾ മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഈ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.