ഇടുക്കി തൊമ്മൻകുത്തിൽ കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലല്ല; വനം വകുപ്പിൻ്റെ വാദം തെറ്റെന്ന് വിവരാവകാശ രേഖ

RTI

ഇടുക്കി: തൊമ്മൻകുത്തിൽ പള്ളി കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലാണെന്ന വനം വകുപ്പിൻ്റെ വാദം തെറ്റെന്ന് വിവരാവകാശ രേഖ. കുരിശ് സ്ഥാപിച്ച നാരങ്ങാനം ഉൾപ്പെടെയുള്ള പ്രദേശത്ത് വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നിട്ടില്ല. ജണ്ടക്ക് പുറത്തുള്ള സ്ഥലത്ത് പരിശോധന നടത്തി പട്ടയം നൽകാനുള്ള സർക്കാർ നീക്കത്തിനിടെയായിരുന്നു വനം വകുപ്പിൻ്റെ അപ്രതീക്ഷിത നീക്കം. ഇതിനിടെ തർക്കഭൂമിയുൾപ്പെടെ 4005 ഏക്കർ സ്ഥലം വനഭൂമിയാണെന്ന വണ്ണപ്പുറം വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും വിവാദമായി.RTI

1977 ന് മുമ്പുള്ള കൈവശഭൂമിയിൽ വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനും തുടർ നടപടികൾ വേഗത്തിലാക്കാനുമായിരുന്നു 2016 ൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലെ ധാരണ. ഇടുക്കി, തൊടുപുഴ താലൂക്കുകളിലെ പരിശോധനയിൽ ഏതാനും വില്ലേജുകളിലെ കൈവശഭൂമി ഒഴിവായെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും തീരുമാനിച്ചിരുന്നു.

കുരിശ് സ്ഥാപിച്ച നാരങ്ങാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടക്കാനിരിക്കെയാണ് വനം വകുപ്പിൻ്റെ ഇടപെടൽ. കുരിശ് പൊളിച്ചതിന് പിന്നാലെ കാളിയാർ റേഞ്ച് ഓഫീസർക്ക് വണ്ണപ്പുറം വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ നാലായിരത്തിയഞ്ച് ഏക്കർ സ്ഥലം വനഭൂമിയാണെ പരാമർശവും വിവാദമായി. 1983 ൽ വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് അംഗീകാരം നൽകിയതാണെന്നും 1930 കളിലെ ബി.റ്റി.ആർ രേഖകൾ പ്രകാരമുള്ള വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം.

സംരക്ഷിത വനമേഖലയിലെ കടന്ന് കയറ്റമെന്ന പേരിൽ ഏപ്രിൽ പന്ത്രണ്ടിനാണ് തൊമ്മൻകുത്ത് സെൻ്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ച് നീക്കിയത്. കാളിയാർ റേഞ്ച് ഓഫീസർക്ക് വണ്ണപ്പുറം വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയതാകട്ടെ ഏപ്രിൽ പതിനഞ്ചിനും. 1902 ലെ തൊടുപുഴ റിസർവിനെ മാത്രം ആധാരമാക്കി കാര്യങ്ങളിൽ വ്യക്തത വരുത്താതെയുള്ള വനം വകുപ്പിൻ്റെ നീക്കങ്ങൾ വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *