ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചപ്പോൾ ജില്ലക്ക് അവഗണന; ലഭിച്ചത് നാലെണ്ണം മാത്രം

മഞ്ചേരി: സംസ്ഥാനത്ത് ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയപ്പോൾ ജില്ലക്ക് ലഭിച്ചത് നാലെണ്ണം മാത്രം. കൂടുതൽ രോഗികൾ എത്തുന്ന മഞ്ചേരിയിൽ ഒരു ഡോക്ടർമാരെ പോലും നിയമിച്ചില്ല.
സംസ്ഥാനത്തെ ആശുപത്രികളിലേക്ക് 202 ഡോക്ടർമാരുടെ തസ്തികകളാണ് സൃഷ്ടിച്ചത്. ഇതിൽ തിരൂർ ജില്ല ആശുപത്രിയിൽ നെഫ്രോളജി, ന്യൂറോളജി, ഫോറൻസിക് മെഡിസിൻ വിഭാഗങ്ങളിൽ ഓരോ ഡോക്ടറെയും നിലമ്പൂർ ജില്ല ആശുപത്രിയിൽ ജനറൽ സർജറി വിഭാഗത്തിൽ ഒരു ഡോക്ടറെയും മാത്രമാണ് ജില്ലക്ക് ലഭിച്ചത്. ന്യൂറോളജി വിഭാഗത്തിൽ തിരൂർ ജില്ല ആശുപത്രിക്ക് ഒരു തസ്തിക ലഭിച്ചതൊഴിച്ചാൽ മറ്റെവിടെയും ജില്ലയിൽ ഡോക്ടർമാരെ ലഭിച്ചില്ല.
കൊല്ലം, കണ്ണൂർ, ഇടുക്കി ജില്ല ആശുപത്രികളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജനറൽ ആശുപത്രികളിലും ഒന്ന് വീതം ഡോക്ടർമാർ ന്യൂറോളജി വിഭാഗത്തിൽ ലഭിച്ചു.
കാർഡിയോളജി വിഭാഗത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മൂന്നും തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജനറൽ ആശുപത്രി, കണ്ണൂർ, കാഞ്ഞങ്ങാട് ജില്ല ആശുപത്രികൾക്ക് രണ്ടും പാലക്കാട്, കൊല്ലം, ജില്ല ആശുപത്രികൾക്കും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കും ഒന്ന് വീതം ഡോക്ടർമാരെയും അനുവദിച്ചപ്പോൾ ജില്ലക്ക് ഒന്ന് പോലും നൽകിയില്ല. നെഫ്രോളജി വിഭാഗത്തിൽ 10 എണ്ണത്തിൽ ജില്ലക്ക് ലഭിച്ചത് ഒന്നുമാത്രം. രണ്ട് ജനറൽ ആശുപത്രികളിലായി കണ്ണൂർ ജില്ലക്ക് രണ്ട് തസ്തികകളാണ് ന്യൂറോളജി വിഭാഗത്തിൽ ലഭിച്ചത്.
യൂറോളജി വിഭാഗത്തിൽ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകൾക്ക് മാത്രമാണ് തസ്തിക. എട്ട് അസിസ്റ്റന്റ് സർജൻ തസ്തികകൾ സൃഷ്ടിച്ചപ്പോൾ കൂത്തുപറമ്പ്, ഒറ്റപ്പാലം താലൂക്ക് ആശുപത്രികളിലും ചിറ്റൂർ, കൊട്ടാരക്കര താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികളിലുമായി ഒതുങ്ങി.
ജനറൽ മെഡിസിൻ വിഭാഗത്തിൽ 12 ജൂനിയർ കൺസൾട്ടന്റുമാരുടെ തസ്തികയിലും മലപ്പുറത്തെ പരിഗണിച്ചില്ല. ജനറൽ സർജറി വിഭാഗത്തിൽ ജൂനിയർ കൺസൾട്ടന്റുമാരിൽ നിലമ്പൂർ ജില്ല ആശുപത്രിക്ക് ഒരു തസ്തിക ലഭിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ ഒമ്പതും ശിശു പരിചരണ വിഭാഗത്തിൽ മൂന്നും അനസ്തേഷ്യ വിഭാഗത്തിൽ 21 തസ്തികകളും സൃഷ്ടിച്ചപ്പോൾ ജില്ലക്ക് ഒന്നുമില്ല.
നേരത്തെ മഞ്ചേരി ജനറൽ ആശുപത്രിയിലെ ഹെൽത്ത് സർവീസിന് കീഴിലെ 12 ഡോക്ടർമാരെ ജില്ലയിലെ തന്നെ മറ്റ് ജില്ല, താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.
