സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നു; കോഴിക്കോട് – വയനാട് തുരങ്ക പാത നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങും

kerala, Malayalam news, the Journal,

കോഴിക്കോട്: കോഴിക്കോട് – വയനാട് തുരങ്ക പാത നിര്‍മാണം അ‌ടുത്ത വര്‍ഷം മാര്‍ച്ചില്‍ തുടങ്ങാനാകുമെന്ന് തിരുവമ്പാടി എം.എല്‍എ ലിന്റോ ജോസഫ്. പ്രാഥമിക ഘട്ട ടെന്‍ഡ‍ര്‍ ന‌‌‌‌ടപടികള്‍ പൂര്‍ത്തിയായി. പദ്ധതിക്കായി ഭൂമി നഷ്‌ടമാകുന്ന പ്രദേശവാസികള്‍ക്ക് ഉയര്‍ന്ന നഷ്ട പരിഹാരം നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു. ഏഴ് കിലോമീറ്ററിലധികം ദൂരത്തിലാണ് ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത നിര്‍മിക്കുന്നത്.

Also Read: വയനാട്ടിലെ നരഭോജി കടുവയെ തിരിച്ചറിഞ്ഞു: വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ടെന്ന് വനംമന്ത്രി

2020 ല്‍ പദ്ധതി പ്രഖ്യാപനം നടത്തിയ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്ക പാതയാണ് യാഥാര്‍ത്ഥ്യമാകുന്നത്. വയനാട്ടിലേക്ക് താമരശ്ശേരി ചുരം റോഡിന് ബദലായി നിര്‍മിക്കുന്ന തുരങ്ക പാതക്കായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്‍റെയടക്കം പ്രാഥമിക അനുമതി ലഭിച്ചു. സര്‍ക്കാർ ഏജൻസിയായ കി​റ്റ് കോ ​നടത്തിയ സാമൂഹ്യാഘാത പഠന റിപോര്‍ടനുസരിച്ച് പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുമായി വയനാട് ,കോഴിക്കോട് ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തി. അടുത്തവ‍ര്‍ഷം മാര്‍ച്ചില്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിക്കാനാകുമെന്ന് തിരുവമ്പാടി എം.എല്‍.എ ലിന്‍റോ ജോസഫ് പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ ആനക്കാംപൊയില്‍ ഭാഗത്ത് രണ്ട് പാലങ്ങള്‍ നിര്‍മിക്കും, പാലങ്ങളിലേക്ക് നാല് വരിപാതയില്‍ അപ്രോച്ച് റോഡും നിര്‍മിക്കും, മൊത്തം ഏഴ് കിലോമീറ്ററിലധികം ദൂരത്തിലാണ് തുരങ്കപാത നിര്‍മിക്കുന്നത്. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം 17.ഹെക്ടറിലേറെ ഭൂമിയില്‍ മരം വച്ചുപിടിപ്പിക്കുകയും അത് റിസര്‍വ് വനമായി വിജ്ഞാപനം ചെയ്ത് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നുമ‌ക്കമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നല്‍കിയിരിക്കുന്നത്. വയനാട് ജില്ലയിലാണ് ഈ നിര്‍ദേശം നടപ്പാക്കുന്നതിനായി ഭൂമി കണ്ടെത്തിയിരിക്കുന്നത് . കിഫ്ബിയില്‍നിന്ന് 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മിക്കുന്നത്. കൊങ്കണ്‍ റയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല.

Leave a Reply

Your email address will not be published. Required fields are marked *