‘ദുബൈ ലൂപ്പ്’ പദ്ധതി പ്രഖ്യാപിച്ചു
ദുബൈ: ദുബൈ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ ദുബൈ ലൂപ്പ് എന്ന പേരിൽ തുരങ്കപാത പദ്ധതി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 17 കിലോമീറ്റർ തുരങ്ക പാത നിർമിക്കാൻ ദുബൈ ആർ.ടി.എയും ഇലോൺ മസ്കിന്റെ ദി ബോറിങ് കമ്പനിയും കരാർ ഒപ്പുവെച്ചു. ദുബൈയിൽ പുരോഗമിക്കുന്ന ആഗോള സർക്കാർ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 17 കിലോമീറ്റർ ദൂരമുള്ള തുരങ്കപാതയിൽ 11 സ്റ്റേഷനുണ്ടാകും. തുരങ്കത്തിലൂടെ മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്താനാകും. ഓരോ ലക്ഷ്യസ്ഥാനത്തേക്കും പ്രത്യേക വാഹനങ്ങളായിരിക്കും തുരങ്കത്തിലൂടെ സഞ്ചരിക്കുക എന്നതിനാൽ ഇടക്ക് മറ്റ് സ്റ്റോപ്പുകളിൽ നിർത്തേണ്ടി വരുന്നില്ല എന്നതാണ് പ്രത്യേകത. മണിക്കൂറിൽ 20,000 പേർക്ക് ഈ സംവിധാനത്തിലൂടെ യാത്ര ചെയ്യാനാകും. ദുബൈയിലെ പ്രധാനകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തുരങ്കപാത നിർമിക്കാനാണ് ആർ.ടി.എ ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ദി ബോറിങ് കമ്പനിയുമായി കരാർ ഒപ്പിട്ടത്. ആഗോള സർക്കാർ ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്ത ഇലോൺ മസ്ക് പദ്ധതിക്ക് പിന്തുണ അറിയിച്ചു.Dubai Loop