ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ ജനറൽ സെക്രട്ടറി; എം.എ ബേബിയുടെ ആദ്യ ചുമതല ഇൻഡ്യ മുന്നണിയുടെ ശാക്തീകരണം
മധുര: സിപിഎം ജനറൽ സെക്രട്ടറിയാകുന്ന എം.എ ബേബിയുടെ ആദ്യ ചുമതല ഇൻഡ്യ മുന്നണിയുടെ ശാക്തീകരണം. മറ്റു പാർട്ടികളെ മുന്നണിയോടൊപ്പം നിർത്തുന്നതിൽ മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വഹിച്ച പങ്ക് വലുതായിരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും ആദ്യമായിട്ടാണ് ഒരു ജനറൽ സെക്രട്ടറി സിപിഎമ്മിന് ഉണ്ടാകുന്നത്. M.A. Baby’s
സീതാറാം യെച്ചൂരിയുടെ അകാലമരണത്തോട് ഡൽഹിയിൽ ഇല്ലാതായത് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ സർവസമ്മതനായ നേതാവിനെയായിരുന്നു. മുഖ്യപാർട്ടിയായ കോൺഗ്രസിനെ മറ്റുപാർട്ടികളുമായി കൂട്ടിയിണക്കുന്ന പാലമായി നിന്നതും യെച്ചൂരിയെ പോലുള്ളവരായിരുന്നു. അവധാനതയോടെ സംസാരിക്കുന്ന എം.എ ബേബിയുടെ ഡൽഹിയിലെ സൗഹൃദം രാഷ്ട്രീയത്തിന് അതീതമാണ്. കലാ-സാംസ്കാരിക-കായിക രംഗത്തുള്ള അഗാധമായ പാണ്ഡിത്യവും ബന്ധവും സഖ്യത്തിൻ്റെ കെട്ടുറപ്പിനും മുന്നോട്ടുള്ള പോക്കിനും സഹായമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം സഭയിൽ സംസാരിക്കാൻ മുഖ്യപ്രതിപക്ഷത്തിൻ്റെ പ്രധാനനേതാക്കൾ തന്നെ മടി കാട്ടുമ്പോഴാണ് ന്യൂനപക്ഷവിഭാഗത്തിൽ നിന്നൊരാളെ ഒന്നാമനായി സിപിഎം കണ്ടെത്തുന്നത്. വഖഫ് ഭേദഗതി നിയമത്തിലെ പ്രതിരോധമാണ് ആദ്യ ലിറ്റ്മസ് പരീക്ഷണം. എസ്എഫ്ഐയിൽ എം.എ ബേബിക്ക് പിൻഗാമിയായിട്ടാണ് സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്.പാർട്ടിയിൽ തിരിച്ചും.
ബംഗാളിലും ത്രിപുരയിലും അധികാരത്തിൽ തിരികെ എത്തുക വൻവെല്ലുവിളിയാണ്. തൊഴിലാളി ലോംഗ് മാർച്ച് നയിച്ച് ഇന്ത്യയെ ഞെട്ടിച്ച വിജു കൃഷ്ണൻ ഉൾപ്പെടെ ലഭ്യമായതിൽ മികച്ച ടീമാണ് ബേബിക്കൊപ്പമെത്തുന്നത്.