ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കർണാടക എക്സ്പ്രസ് വേ വെള്ളത്തിനടയിൽ
ബംഗളൂരു: ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബംഗളൂരു-മൈസുരു ഹൈവേയിൽ വെള്ളപ്പൊക്കം. വെള്ളിയാഴ്ച രാത്രി രാമനഗര മേഖലയിൽ ഉണ്ടായ ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.
8,480 കോടി രൂപയിലാണ് ഹൈവേ നിർമിച്ചത്. ഹൈവേയുടെ അടിപ്പാതയാണ് ഒറ്റമഴയിൽ വെള്ളത്തിനടിയിലായത്. അടിപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ തുടരെത്തുടരെ അപകടത്തിൽ പെടുകയും ചെയ്യുന്നുണ്ട്. അതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
വെള്ളത്തിനടയിലായിയതിനെ തുടർന്ന് കാറുൾപ്പെടെയുള്ള വാഹനങ്ങൾ പ്രവർത്തന രഹിതമായതോടെ നിരവധി പേർ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ രംഗത്തെത്തി.
തന്റെ കാർ വെള്ളത്തിൽ ഓഫായി പോയെന്നും പിറകെ വന്ന ലോറി കാറിലേക്ക് ഇടിച്ചു കയറിയെന്നും ആരാണ് ഇതിനൊക്കെ ഉത്തരവാദിത്തമേൽക്കുക എന്നും ഒരാൾ അതി രൂക്ഷമയി ചോദിച്ചു.
നിരവധി പേരാണ് ഹൈവേയുടെ പ്രവർത്തിക്കെതിരെ രംഗത്തെത്തിയത്. പണി വൃത്തിയായാണോ ചെയ്തത് എന്നുപോലും പരിശോധിക്കാതെയാണ് ഉദ്ളഘാടനം ചെയ്തതെന്നും നാട്ടുകാർ ആരോപിച്ചു.
മാർച്ച് 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 118 കിലോമീറ്റർ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. മൂന്നു മണിക്കൂർ യാത്ര 75 മിനുട്ടായി കുറക്കുമെന്നതായിരുന്നു എക്സ്പ്രസ് വേയുടെ പ്രത്യേകത.