യു.ഡി.എഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനം എൽ.ഡി.എഫിന്; ഭാഗ്യം കടാക്ഷിച്ചത് അമ്പിളി സജീവന്



കോട്ടയം: അനിശ്ചിതത്വത്തിന് ഒടുവിൽ യു.ഡി.എഫിന് ഭൂരിപക്ഷമുള്ള എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനം എൽ.ഡി.എഫിന്. സി.പി.എമ്മിലെ അമ്പിളി സജീവനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ക്വാറം തികയാതിരുന്നതിനെ തുടർന്ന് മാറ്റിവെച്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.

പട്ടികവർഗ സംവരണമായ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർഥി ഇല്ലാത്തതാണ് യു.ഡി.എഫിന് പ്രസിഡന്‍റ് സ്ഥാനം നഷ്ടമായത്. ഡിസംബർ 27ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ട് നിന്നതിനെ തുടർന്ന് ക്വാറം തികയാതെ വരികയും തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയുമായിരുന്നു.

ഇന്ന് വീണ്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ക്വാറം പ്രശ്നമായി വന്നില്ല. ഏഴ് അംഗങ്ങളുടെ ഭൂരിപക്ഷമുള്ള എൽ.ഡി.എഫിന്‍റെ പട്ടിക വർഗ അംഗം അമ്പിളി സജീവൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

24 അംഗ എരുമേലി പഞ്ചായത്തിൽ യു.ഡി.എഫിന് 14 അംഗങ്ങളും എൽ.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് രണ്ടും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. പഞ്ചായത്ത് പ്രസിഡന്‍റ് ഭരണം പട്ടിക വർഗ സംവരണമാണ്. രണ്ടു പേരെ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് യു.ഡി.എഫ് മത്സരിപ്പിച്ചെങ്കിലും അവർക്ക് ജയിക്കാനായില്ല.

എന്നാൽ, നിലവിൽ എൽ.ഡി.എഫിലെയും ബി.ജെ.പിയിലെയും ഓരോ അംഗങ്ങൾ പട്ടിക വർഗക്കാരാണ്. അതുകൊണ്ടാണ് എൽ.ഡി.എഫ് അംഗമായ അമ്പിളി സജീവന് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചത്.

വെള്ളിയാഴ്ച നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചിരുന്നു. കനകപ്പലം വാർഡിൽ നിന്നുള്ള സാറാമ്മ എബ്രഹാം ആണ് തെരഞ്ഞെടുക്കപ്പെട്ടത്.