ലീഗിന്റെ പച്ചത്തുരുത്ത്

കോട്ടക്കൽ: ആയുർവേദ മഹിമയിൽ അറിയപ്പെടുന്ന മണ്ഡലമാണ് കോട്ടക്കലെങ്കിലും എക്കാലത്തും മുസ്ലിം ലീഗിന്റെ പച്ചക്കോട്ടയാണിത്. 2011ൽ കുറ്റിപ്പുറം, മലപ്പുറം മണ്ഡലങ്ങളെ വിഭജിച്ച് രൂപവത്കരിച്ച മണ്ഡലം പിന്നീടുള്ള വർഷങ്ങൾ ലീഗിനെ ചേർത്തുപിടിച്ചു.
വളാഞ്ചേരി, കോട്ടക്കൽ നഗരസഭകളും പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിലെ പ്രഥമ എം.എൽ.എ എം.പി. അബ്ദുസ്സമദ് സമദാനിയായിരുന്നു.
എൽ.ഡി.എഫിലെ ഘടകകക്ഷിയായ എൻ.സി.പി നേതാവ് സി.പി.കെ. ഗുരുക്കളായിരുന്നു എതിർ സ്ഥാനാർഥി. 35,902 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സമദാനിയുടെ മിന്നുംവിജയം. ഗുരുക്കൾ 33,815 വോട്ടും ബി.ജെ.പി സ്ഥാനാർഥി 7782 വോട്ടും നേടിയപ്പോൾ സമദാനി 69,717 വോട്ട് നേടിയാണ് എം.എൽ.എ സ്ഥാനം അരക്കിട്ടുറപ്പിച്ചത്.
2016 മുതൽ പ്രഫ. ആബിദ് ഹുസൈൻ തങ്ങളാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. സമദാനിക്ക് പകരക്കാരനായി തങ്ങളെത്തിയതോടെ എൻ.സി.പിയുടെ എൻ.എ. മുഹമ്മദ് കുട്ടിയാണ് എതിർസ്ഥാനാർഥിയായത്. ആവേശംനിറഞ്ഞ മത്സരത്തിൽ 71,768 വോട്ട് തങ്ങൾ നേടിയപ്പോൾ മുഹമ്മദ് കുട്ടി 56,726 വോട്ട് നേടി. 13,205 വോട്ട് ബി.ജെ.പിയുടെ വി. ഉണ്ണികൃഷ്ണനും ലഭിച്ചു. ഭൂരിപക്ഷം 15,042 ആയി കുറക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു.
2021ലും ഇടതു-വലതു സ്ഥാനാർഥികളായി ഇരുവരും വീണ്ടും മുഖാമുഖം വന്നെങ്കിലും മണ്ഡലം തങ്ങൾക്കൊപ്പം നിന്നു. എൻ.എ. മുഹമ്മദ് കുട്ടി 16,588 വോട്ടിന് പരാജയപ്പെട്ടു.
2016ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എടയൂർ പഞ്ചായത്ത് എൽ.ഡി.എഫിന് ലഭിച്ചെങ്കിലും മാറാക്കരയൊഴികെ അഞ്ചു തദ്ദേശങ്ങളും യു.ഡി.എഫിനൊപ്പമായിരുന്നു. മാറാക്കരയിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനൊപ്പമാണ് എൽ.ഡി.എഫ് കൂട്ടുകെട്ട് ഉണ്ടാക്കിയത്. എന്നാൽ, ഭരണം പൂർത്തിയാക്കാൻ മുന്നണിക്ക് കഴിഞ്ഞില്ല. ഇതോടെ യു.ഡി.എഫ് വീണ്ടും ഐക്യത്തിലെത്തി ഭരണം തിരിച്ചുപിടിച്ചു.
ലോക്സഭയിൽ പൊന്നാനിയിൽനിന്ന് രണ്ടു തവണ ഇ.ടി. മുഹമ്മദ് ബഷീർ വിജയിച്ചപ്പോഴും കോട്ടക്കൽ മണ്ഡലത്തിലെ ലീഡാണ് തുണയായത്. വി. അബ്ദുറഹ്മാൻ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച 2014ൽ പൊന്നാനിയിൽ ഭൂരിപക്ഷം കുറക്കാൻ കഴിഞ്ഞെങ്കിലും 2019ൽ അനിഷേധ്യ ഭൂരിപക്ഷമാണ് പി.വി. അൻവറിനെതിരെ ഇ.ടി നേടിയത്.
2014ൽ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കടന്നുകയറിയ ഇ.ടിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 1,93,273 വോട്ടിന്റെ ഭൂരിപക്ഷമാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മണ്ഡലത്തിൽ 45,927 വോട്ടിന്റെ ലീഡുണ്ട്. മുസ്ലിം ലീഗ് സ്ഥാനാർഥിയായി ആബിദ് ഹുസൈൻ തങ്ങൾ വീണ്ടും ജനവിധി തേടാനാണ് സാധ്യത. മലപ്പുറം മണ്ഡലം എൻ.സി.പിക്ക് നൽകി കോട്ടക്കൽ സി.പി.എം ഏറ്റെടുക്കാൻ ധാരണയായിട്ടുണ്ട്. സി.പി.എം സ്ഥാനാർഥി പ്രഖ്യാപനം വൈകാതെയുണ്ടാകും.
- 2016ലെ നിയമസഭ തെരഞ്ഞെടുപ്പ്
പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ 71,768
എൻ.എ. മുഹമ്മദ് കുട്ടി 56,726
വി. ഉണ്ണികൃഷ്ണൻ 13,205
ഭൂരിപക്ഷം 15,042
വോട്ടുനില
- 2021ലെ നിയമസഭ തെരഞ്ഞെടുപ്പ്
ആബിദ് ഹുസൈൻ തങ്ങൾ (യു.ഡി.എഫ്) 81,700
എൻ.എ. മുഹമ്മദ് കുട്ടി (എൽ.ഡി.എഫ്) 65,112
പി.പി. ഗണേശൻ (എൻ.ഡി.എ) 10,796
ഭൂരിപക്ഷം: 16,588
- 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ്
ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്) 5,21,824
പി.വി. അൻവർ (ഇടതു സ്വത) 3,28,551
വി.ടി. രമ (ബി.ജെ.പി) 1,10,603
ഭൂരിപക്ഷം 1,93,273
- 2024 ലോക്സഭ
എം.പി. അബ്ദുസ്സമദ് സമദാനി (മുസ്ലിം ലീഗ്) -93,070
കെ.എസ്. ഹംസ (എൽ.ഡി.എഫ് സ്വത.) -47,143
നിവേദിത സുബ്രഹ്മണ്യൻ (ബി.ജെ.പി) -14,406
ഭൂരിപക്ഷം – 45,927
- 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്
കോട്ടക്കൽ നഗരസഭ
യു.ഡി.എഫ് 21
എൽ.ഡി.എഫ് ഒമ്പത്
എൻ.ഡി.എ രണ്ട്
വളാഞ്ചേരി നഗരസഭ
യു.ഡി.എഫ് 19
എൽ.ഡി.എഫ് 12
എൻ.ഡി.എ ഒന്ന്
വിമതൻ ഒന്ന്
എടയൂർ
യു.ഡി.എഫ് 11
എൽ.ഡി.എഫ് എട്ട്
ഇരിമ്പിളിയം
യു.ഡി.എഫ് ഒമ്പത്
എൽ.ഡി.എഫ് എട്ട്
മാറാക്കര
യു.ഡി.എഫ് 16
എൽ.ഡി.എഫ് നാല്
പൊന്മള
യു.ഡി.എഫ് 13
എൽ.ഡി.എഫ് നാല്
എസ്.ഡി.പി.ഐ ഒന്ന്
കുറ്റിപ്പുറം
യു.ഡി.എഫ് 15
എൽ.ഡി.എഫ് എട്ട്
